ഇംഫാൽ : മണിപ്പൂരിൽ ആഭ്യന്തര വകുപ്പ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയുധം വച്ച് കീഴടങ്ങി 43 ഭീകരർ. വിവിധ ഭീകരവാദസംഘങ്ങളിൽ ഉൾപ്പെട്ടവരാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന് മുമ്പാകെ സംഘടിപ്പിച്ച ചടങ്ങിൽ കീഴടങ്ങിയത്.
ഐ ഇ ഡി, വെടിക്കോപ്പുകൾ അടക്കമുള്ള ആയുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു. കാംഗ്ലീപാക് യവോൾ കൻബ ലുപ്പ്, പീപ്പിൾസ് ലിബറേഷൻ ആർമി, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി, യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്, കെസിപി, (എൻ), പ്രെപാക്ക് ,എൻഎസ്സിഎൻ (യു) എന്നീ സംഘടനകളിൽ ഉൾപ്പെട്ടവരാണ് കീഴടങ്ങിയത്.
“നിങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളും അസ്വസ്ഥതയും ഞാൻ മനസ്സിലാക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിയുടെ മാർഗനിർദേശപ്രകാരം വികസിത മണിപ്പൂർ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വിമതർ പങ്കുചേരുന്നത് കാണുന്നതിൽ സന്തോഷമുണ്ട്, നമ്മൾ ഐക്യത്തോടെ സഹകരിക്കുകയും പരസ്പരം ആശയവിനിമയം നടത്തുകയും വേണം”, മുഖ്യമന്ത്രി പറഞ്ഞു.
സെലിയാങ്റോങ് യുണൈറ്റഡ് ഫ്രണ്ടുമായി (ZUF) ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്, പ്രവർത്തനം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു, നിരീക്ഷണ സമിതിയും രൂപീകരിച്ചു . സംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് മാഫിയയെ സമ്പൂർണമായി തുടച്ചുനീക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post