ന്യൂഡൽഹി: താൻ രാഹുൽ ഗാന്ധിയെ കൊന്നുവെന്ന് വയനാട് എം പി രാഹുൽ ഗാന്ധി. ഇപ്പോൾ ഇമേജ് തന്നെ ബാധിക്കുന്നില്ല. ഭാരത് ജോഡോ യാത്ര തന്റെ യാത്രയല്ലെന്നും യാത്രക്ക് നേതൃത്വം കൊടുക്കുന്ന രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധി നിങ്ങളുടെ മനസ്സിലാണ് ഉള്ളത്. ഞാൻ അയാളെ കൊന്നു. അയാൾ ഇപ്പോൾ അവിടെ ഇല്ല. എന്റെ മനസ്സിലും അയാൾ ഇല്ല. അയാൾ പോയിക്കഴിഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിലുള്ള രാഹുൽ ഗാന്ധി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭാരത് ജോഡോ യാത്ര തന്റെ ഇമേജിനെ എങ്ങനെ മാറ്റി എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്.
നിങ്ങൾ കാണുന്ന ഈ ഞാൻ രാഹുൽ ഗാന്ധിയല്ല. നിങ്ങൾക്ക് അയാളെ കാണാൻ കഴിയും. നിങ്ങൾക്ക് അത് മനസ്സിലാകില്ല. ഹിന്ദു പുരാണങ്ങൾ വായിക്കൂ. ശിവജിയെക്കുറിച്ച് വായിക്കുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകും. ഞെട്ടേണ്ട. രാഹുൽ ഗാന്ധി നിങ്ങളുടെ തലയിലാണ്, അല്ലാതെ ഞാനല്ല. അയാൾ ബിജെപിയുടെയും തലയിലുണ്ട്. എന്റെ തലയിൽ ഒന്നുമില്ല. രാഹുൽ തുടർന്നു.
നിങ്ങൾ എന്തിനാണ് ഞാൻ പറയുന്നത് കേട്ട് ഇങ്ങനെ ഞെട്ടുന്നത്? എനിക്ക് ഇമേജുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനില്ല. എനിക്ക് ഇമേജിൽ താത്പര്യമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള രൂപം എനിക്ക് കൽപ്പിച്ച് തന്നോളൂ. മാദ്ധ്യമ പ്രവർത്തകരോട് രാഹുൽ പറഞ്ഞു.
രാഹുൽ കഴിഞ്ഞ നവംബറിലും സമാനമായ രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. രാഹുലിന്റെ പ്രസ്താവനകൾ സാമൂഹിക മാദ്ധ്യമങ്ങൾ ട്രോളുകളുടെ രൂപത്തിൽ ആഘോഷിക്കുകയാണ്. എന്നാൽ രാഹുൽ പറഞ്ഞത് വലിയ ഒരു കാര്യമാണെന്നും നിങ്ങൾക്ക് അത് മനസ്സിലാകാത്തത് കൊണ്ടാണ് അദ്ദേഹത്തെ പരിഹസിക്കുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുകൂലികൾ പ്രതിരോധം തീർക്കുന്നത്.
Discussion about this post