ഭോപ്പാൽ: ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസത്തിനോടനുബന്ധിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രവാസി വ്യവസായി എം എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. മദ്ധ്യപ്രദേശിൽ വ്യവസായികൾക്ക് ഏറ്റവും മികച്ച സാഹചര്യമാണ് നിലവിലുള്ളതെന്ന് ശിവരാജ് സിംഗ് ചൗഹാൻ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.
വ്യവസായികൾക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളും ഒരുക്കി നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണം,ചരക്ക് ഗതാഗതം, ചില്ലറ വിൽപ്പന മേഖലകളിൽ നിക്ഷേപം നടത്താൻ യൂസഫലിയെ അദ്ദേഹം ക്ഷണിച്ചു.
മദ്ധ്യപ്രദേശിൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ താൻ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരുമായി കാര്യമായ ചർച്ചകൾക്കും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു. യോഗത്തിൽ മദ്ധ്യപ്രദേശ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Discussion about this post