ഹൂബ്ലി: പ്രധാനമന്ത്രിയ്ക്ക് മാലയിട്ട് നൽകാൻ ശ്രമിച്ച് യുവാവ്. കർണാടകയിലെ ഹൂബ്ലിയിലാണ് സംഭവം. യുവജനോത്സവ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ഇവിടെ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. അതിനിടെ ഒരു യുവാവ് മാലയുമായി അദ്ദേഹത്തിന്റെ കാറിനടുത്തെത്തി അത് ഇട്ട് നൽകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് യുവാവിനെ തടഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രിയുടെ കാറിന് അടുത്തേക്ക് മാലയുമായി യുവാവ് എത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
26-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയത്. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടി ജനുവരി 12 മുതൽ 16 വരെ നടക്കും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 30,000 യുവജനങ്ങൾ ഇതിൽ പങ്കെടുക്കും. ‘വികസിത യുവത-വികസിത ഇന്ത്യ’ എന്നതാണ് ഈ വർഷത്തെ പരിപാടിയുടെ മുദ്രാവാക്യം.
രാഷ്ട്രനിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് വർധിപ്പിക്കുകയും പ്രതിഭാധനരായ യുവാക്കളെ ദേശീയ തലത്തിൽ മുന്നോട്ട് കൊണ്ടുവരികയുമാണ് യുവജനോത്സവത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇത് രാജ്യത്തിന്റെ വിവിധ സംസ്കാരങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കുമെന്നും അവർ അറിയിച്ചു.
Discussion about this post