കൊച്ചി : എറണാകുളം കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളെയാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ഇതേത്തുടർന്ന് സ്കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
വൈറസ് ഉള്ളില്‍ ചെന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഛർദി, അതിസാരം പോലുള്ള ലക്ഷണങ്ങള്‍ ആരംഭിക്കും. മനംമറിച്ചില്‍, വയറുവേദന, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും നോറോ വൈറസ് ബാധയോട് അനുബന്ധിച്ച് വരാം. അതിസാരവും ഛര്‍ദിയും ശരീരത്തില്‍ നിര്‍ജലീകരണത്തിനും കാരണമാകാം.
Discussion about this post