ഷിംല: ഹിമാചലില്‍ ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് കര്ഷകനില് നിന്ന് കൈക്കലാക്കിയത് 72 ലക്ഷം രൂപ. ചമ്പ സ്വദേശിയില്‍ നിന്നാണ് 72 ലക്ഷം രൂപ തട്ടിയെടുത്തത്.
ചമ്പ ജില്ലയിലെ കര്ഷകന് ചങ്കറാം ആണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ വര്‍ഷം 2.5 കോടി രൂപയുടെ ലോട്ടറി അടിച്ചു എന്ന് ചങ്കറാമിന് സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ ലോട്ടറിയുടെ വിവരങ്ങള്‍ അറിയിച്ചു കൊണ്ട് ഫോണ്‍ കോളും എത്തി. രണ്ടര കോടി ലഭിക്കണമെങ്കില്‍ കുറച്ച് തുക ആദ്യം ബാങ്കില്‍ നിക്ഷേപിക്കണം എന്ന് തട്ടിപ്പുകാര്‍ ചങ്കറാമിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. പണം നിക്ഷേപിക്കേണ്ട അക്കൗണ്ടിന്റെ വിവരങ്ങളും ഇവര്‍ ചങ്കറാമിന് കൈമാറി.
2.5 കോടി ലഭിക്കാനായി ഇയാള്‍ 200ലധികം തവണയാണ് മോഷ്ടാക്കള്‍ പറഞ്ഞ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. മിക്കപ്പോഴും ബാങ്കില്‍ പോയാണ് ചങ്കറാം പണം നിക്ഷേപിച്ചത്. ഇടയ്ക്ക് ഗൂഗിള്‍ പേ വഴിയും പണം അയച്ചു. തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് മൂന്ന് മാസത്തോളം പണം അയച്ചിരുന്നതായി പരാതിക്കാരന് വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് താന്‍ അവസാനമായി തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് എന്ന് ചങ്കറാം പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ 200ലധികം തവണയായി 72 ലക്ഷം രൂപയാണ് ചങ്കറാം തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. ശേഷമാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ചങ്കറാം തിരിച്ചറിഞ്ഞത്. ലോക്കല്‍ പൊലീസില്‍ ആദ്യം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഷിംലയിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു
ഇയാള്‍ക്ക് തന്റെ മുഴുവന്‍ സമ്പാദ്യമാണ് നഷ്ടമായത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പണത്തോടുള്ള അത്യാഗ്രഹമാണ് ചിലരെ ഇത്തരം കെണിയില്‍ ചാടിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post