ന്യൂഡല്‍ഹി: കൊറോണക്കാലത്തും മുടക്കമില്ലാതെ പ്രധാനമന്ത്രി മുദ്രാ വായ്പ. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ കേരളത്തില്‍ അനുവദിച്ചത് 468.54 കോടി രൂപയുടെ വായ്പ. ഇതില്‍ 413.89 കോടി രൂപ ഇതിനകം വിതരണം ചെയ്തു. 25801 പേര്‍ക്ക വായ്പ ലഭിച്ചു.
മുദ്ര ശിശു സ്കീമിനുകീഴില്‍ മൊത്തം 36.35 കോടി രൂപയുടെ 13,560 വായ്പകളാണ് ബാങ്കുകള്‍, കേരളത്തിലെ ശാഖകള്‍ വഴി നല്‍കിയിട്ടുള്ളത്. ‘മുദ്ര തരുണ്‍’ സ്കീമില്‍ 201.45 കോടി രൂപയുടെ വായ്പ നല്കി. 2,805 പേര് ഈ സ്കീം പ്രയോജനപ്പെടുത്തി. ‘മുദ്ര കിഷോര്‍’ സ്കീമില്‍ 176.08 കോടി രൂപയുടെ വായ്പ നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. 9,436 പേര്‍ക്ക് പ്രയോജനം ലഭിച്ചു.
മുദ്ര ശിശു വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് രണ്ട് ശതമാനം പലിശ ഇളവ് നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. കോവിഡ് സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ശിശു വായ്പയെടുത്തവര്‍ക്കാണ് പലിശയിളവ് ലഭിക്കുക.
ഇതിനുപുറമെ, കോവിഡ്കാല ആശ്വാസമായി നിലവില്‍ മുദ്ര വായ്പ എടുത്തിട്ടുള്ളവര്‍ക്കും ‘ആത്മ നിര്‍ഭര്‍’ പാക്കേജില്‍ പ്രഖ്യാപിച്ച അടിയന്തര വായ്പാ സഹായം (ഗാരന്റീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍) ലഭിക്കും. കൂടുതല്‍ പേര് മുദ്ര സ്കീം പ്രയോജനപ്പെടുത്തുന്നതിന് ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി മുദ്രാ യോജന
ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ്. വായ്പയ്ക്ക് സര്‍ട്ടിഫിക്കറ്റ് (നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമില്ല. കാരണം വായ്പ ക്രഡിറ്റ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. കൊളാറ്ററല്‍ (പണയം) ഒന്നും നിര്‍ബന്ധമില്ല. എടുത്ത പണത്തിനുമാത്രം പലിശ നല്‍കുക. വായ്പ ലളിതമായ തവണകളില്‍ ഉചിതമായ കാലയളവില്‍ തിരികെ അടയ്ക്കാം. മുദ്രാ ലോണ്‍ പോലെ തന്നെ മുദ്രാ വായ്പാ കാര്‍ഡും ലഭ്യമാണ്. മുദ്രാ കാര്‍ഡുകൊണ്ട് ഏത് ഏറ്റി.എം.ല്‍ നിന്നും പണം പിന്‍വലിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. മുദ്രാ കാര്‍ഡുകൊണ്ട് പി.ഒ.എസ് മെഷഷീനുകള്‍/ഈ-കോമേഴ്സ് മുഖേന സാധനങ്ങള്‍ വാങ്ങുവാന്‍ സൗകര്യം. അപേക്ഷ ഫാറം www.mudra.org.in-ലും അടുത്തുള്ള പൊതുമേഖലാ ബാങ്കുകളിലും ഷെഡ്യൂള്‍ഡ് ബാങ്കുകളിലും ലഭിക്കും.
മുദ്രാ ലോണ്‍ മൂന്ന് വിധം:
1. ശിശു ലോണ്‍: 50000 രൂപ വരെ
2. കിഷോര്‍ ലോണ്‍: 50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ
3. തരുണ്‍ ലോണ്‍, 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ
പ്രധാനമായും മൂന്ന് തരം സംരംഭകര്‍ക്കാണ് മുദ്രാ ലോണ്‍ ലഭ്യമാവുക. ഉല്പന്ന നിര്‍മ്മാണം, സേവന മേഖല, വ്യാപാര-വാണിജ്യ മേഖല. കൂടാതെ ഇപ്പോള്‍ ഡയറി ബിസിനസ് മീന്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ട് വ്യവസായം മുതലായ വയ്ക്കും മുദ്രാ ലോണ്‍ ലഭ്യമാണ്.
എങ്ങനെ മുദ്രാ ലോണ്‍ വായ്പ നേടാം
നഗരപരിധിക്കുള്ളില്‍(മുന്‍സിപ്പാലിറ്റി/കോര്പ്പറേഷന്) മുദ്രാ ലോണ്‍ ലഭിക്കുന്നതിന് അപേക്ഷകന് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കിലോ/ ഷെഡ്യൂള്‍ഡ് ബാങ്കിലോ അല്ലെങ്കില്‍ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപമുള്ള പൊതുമേഖലാ ബാങ്കിലോ/ ഷെഡ്യൂള്‍ഡ് ബാങ്കിലോ സമീപിക്കുക.
എന്നാല്‍ പഞ്ചായത്തുകളില്‍ സംരംഭം തുടങ്ങുന്നവര്‍ക്ക് വാര്‍ഡ് അനുസരിച്ച് നിശ്ചയിച്ച ബാങ്കുകളെ സമീപിക്കാം. നിങ്ങളുടെ വാര്‍ഡ് അനുസരിച്ചുള്ള സര്‍വ്വീസ് ബാങ്ക് അറിയുന്നതിന് അതാത് ജില്ലയിലെ ലീഡ് ബാങ്കിനെ സമീപിക്കുക. മുദ്രാ ലോണ്‍ ലഭിക്കാത്തത് സംബന്ധിച്ച് പരാതികള്‍ക്കും സംശയങ്ങള്‍ക്കും ലീഡ് ബാങ്കിനെയാണ് സംരംഭകര്‍ സമീപിക്കേണ്ടത്. മുന്‍പ് വായ്പ എടുത്ത് കുടിശ്ശിഖ ഉള്ളവര്‍ക്ക് മുദ്രാ ലോണ്‍ ലഭിക്കുകയില്ല.
Discussion about this post