തിരുവനന്തപുരം ; കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമ നടനായ പൊലീസുകാരൻ. നഗരത്തിലെ കാർ ഷോറൂമിലെ ജീവനക്കാരനായ ആനയറ സ്വദേശി നിധീഷ് ആണ് പിടിയിലായത്.
തിരുവനന്തപുരം പിഎംജിക്കു സമീപമുള്ള കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥിന്റെ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ചയാളെയാണ് കയ്യോടെ പിടികൂടിയത്. മിന്നൽ മുരളി, കോൾഡ് കേസ്, ദ് ഗ്രേറ്റ് ഫാദർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ജിബിൻ അഭിനയിച്ചിട്ടുണ്ട്.
വീടിനുള്ളിലേക്ക് വാഹനം കയറാത്തതിനാൽ പട്ടം പ്ലാമൂട് റോഡിനു സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ജിബിൻ സ്ഥിരമായി കാർ പാർക്ക് ചെയ്യുന്നത്. പതിവു പോലെ കാർ പാർക്ക് ചെയ്ത് ജിബിൻ വീട്ടിലേക്ക് പോയി. വൈകിട്ട്, കുട്ടിക്ക് ചോക്ലേറ്റ് വാങ്ങുന്നതിനായി സമീപത്തുള്ള കടയിൽ പോയി മടങ്ങി വരുമ്പോൾ കാറിനോട് ചേർന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതും കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഒരാൾ ഇരിക്കുന്നതും കണ്ടു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ കാറിലെ സ്റ്റീരിയോ കിറ്റുമായി ഇയാൾ പുറത്തിറങ്ങി വന്നു. എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ് ഒന്നുല്ല എന്ന് നിഷ്കളങ്കമായി മറുപടി തന്നു. കൈയിൽ എന്താണ് എന്ന് ചോദിച്ചപ്പോ സ്റ്റീരിയോ ആണെന്നു പറഞ്ഞു. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോൾ ‘സാറേ ഒരബദ്ധം പറ്റിയതാണ്, ക്ഷമിക്കണം’ എന്ന് പറഞ്ഞെന്നും ജിബിൻ പറയുന്നു.
ഉടൻ ആളുകളെ വിളിച്ചു കൂട്ടി, മോഷ്ടാവിനെ മ്യൂസിയം പൊലീസിനെ കൈമാറി.
Discussion about this post