തിരുവനന്തപുരം: ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യന്റെ വിസ റദ്ദാക്കാൻ ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കു കത്തു നൽകും. വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം. ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന സർക്കാര് ഇസ്രയേലിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു.
ആധുനിക കൃഷിരീതി പരിശീലനത്തിനായാണ് 27 കർഷകരെ ഇസ്രയേലിൽ അയച്ചിരുന്നത്. കേരളത്തിൽ നിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ ഫെബ്രുവരി 17 രാത്രിയിലാണ് കാണാതായത്. ഇയാളെ കാണാതായ വിവരം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് അപ്പോൾ തന്നെ എംബസിയെ അറിയിച്ചിരുന്നു. ബിജു ഇല്ലാതെ തിങ്കളാഴ്ചയാണ് സംഘം കേരളത്തിൽ മടങ്ങിയെത്തിയത്.
രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാനായി കാത്തു നിന്ന ബസിന് സമീപത്ത് ബിജു എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങടക്കം പരിശോധിച്ചിരുന്നു. ആസൂത്രിതമായി ബിജു മുങ്ങിയെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Discussion about this post