ന്യൂഡല്‍ഹി: കൊറോണക്കാലത്ത് അമ്പരപ്പിക്കുകയായിരുന്നു ഡല്‍ഹി. രാജ്യതലസ്ഥാനത്ത് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയാണ് കൊറോണ ആഞ്ഞടിച്ചത്. ജനങ്ങള്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നുവെങ്കിലും ഒന്നും ചെയ്യാനായില്ല കെജ്രിവാളിന്. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ആയിരക്കണക്കിന് കേസുകള്‍. ആശുപത്രികള്‍ നിറഞ്ഞു. ചികിത്സയില്ലാതെ രോഗികള്‍ വീട്ടില്‍ മരണത്തിനായി കാത്തിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും രോഗം വ്യാപിച്ചു. ഡല്‍ഹി സര്‍ക്കാര്‍ എവിടെയുമുണ്ടായിരുന്നില്ല. നാഥനില്ലാത്ത ആ അവസ്ഥയിലാണ് അമിത് ഷാ ഡല്‍ഹിയുടെ കോവിഡ് പോരാട്ടത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നത്.
ജൂലൈ 31ഓടെ ഡല്‍ഹിയില്‍ അഞ്ചര ലക്ഷം രോഗികള്‍ ഉണ്ടാകുമെന്നാണ് ജൂണ്‍ ഒമ്പതിന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പരസ്യമായി പറഞ്ഞത്. ദേശീയ മാധ്യമങ്ങളില്‍ ഈ പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു. ജൂണ്‍ 14ന് നടന്ന യോഗത്തില്‍ ഡല്‍ഹിക്ക് കര്‍മ്മ പദ്ധതി ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അമിത് ഷാ കളത്തിലിറങ്ങിയത്. പ്രതിദിന പരിശോധനകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയാണ് ആദ്യം അദ്ദേഹം ചെയ്തത്. അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലായിരുന്ന പരിശോധന ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. രോഗികള്‍ക്കായി താല്‍ക്കാലിക ആശുപത്രികള്‍ തയ്യാറാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്കി കൂടെനിര്‍ത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. കെജ്രിവാള് മടിച്ചു നിന്നപ്പോഴും കൊറോണ ആശുപത്രികളില്‍ ഉള്‍പ്പെടെ അമിത് ഷാ നേരിട്ട് സന്ദര്‍ശനം നടത്തി.
അമിത് ഷായുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ ഫലം കണ്ടു. ആഗസ്റ്റ് രണ്ടാം തീയതി വരെ 1.37 ലക്ഷം രോഗികള്‍ മാത്രമാണ് ഡല്‍ഹിയില്‍ ഉണ്ടായത്. അഞ്ചരലക്ഷം പ്രതീക്ഷിച്ചപ്പോഴാണ് ഇതെന്നും ഓര്‍ക്കണം. ഇതില്‍ തന്നെ 1.22 ലക്ഷം പേര് രോഗമുക്തരായി. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഡല്‍ഹിയിലെ രോഗമുക്തി നിരക്ക് ഇന്ന് 90 ശതമാനത്തിനടുത്താണ്. പ്രതിദിന കണക്കുകള്‍ 4,000 പിന്നിട്ട സ്ഥാനത്ത് ഇപ്പോള്‍ 1000-1500 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യതലസ്ഥാനത്തെ ശവപ്പറമ്പാകാതെ കാത്തതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് അമിത് ഷാ കൊറോണ പോസിറ്റീവായി ചികിത്സയിലേക്ക് പോകുന്നത്. സുരക്ഷിതമായി പത്രസമ്മേളനം നടത്തുന്നതല്ല കൊറോണക്കാലത്തെ ജനക്ഷേമ പ്രവര്‍ത്തനമെന്ന് അദ്ദേഹം രാജ്യത്തെ ഓര്‍മ്മിപ്പിക്കുന്നു.
Discussion about this post