ബംഗളുരു: പ്രവാചക നിന്ദ ആരോപിച്ച് ബംഗളുരുവില്‍ എസ്ഡിപിഐ തീവ്രവാദികള്‍ നടത്തിയ കലാപം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. കലാപത്തിലെ ഭീകരവാദ ബന്ധം വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. ഭീകരവാദ വിരുദ്ധ നിയമ (യുഎപിഎ) പ്രകാരം രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എന്‍ഐഎ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം എന്‍ഐഎക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കും. ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകളിലാണ് കലാപവുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുള്ളത്.
ഗിരീഷ് ഭരദ്വാജ് എന്നയാളാണ് കേസ് എന്‍ഐഎക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ടെന്ന് എന്‍ഐഎ പ്രോസിക്യൂട്ടര്‍ പ്രസന്ന കുമാര്‍ ചീഫ് ജസ്റ്റിസ് അഭയ് സ്രീനിവാസ് ഓഖയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്‍പാകെ വ്യക്തമാക്കി. ഒരാഴ്ചക്കുളള്ളില് കേന്ദ്രത്തിന്റെ ഉത്തരവ് കോടതിക്ക് മുന്പിലെത്തിക്കാന് സാധിക്കും. കലാപത്തിന് പിന്നാലെ എസ്ഡിപിഐയെ നിരോധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്‍ഐഎ അന്വേഷണം സംഘടനയെ വീണ്ടും കുരുക്കിലാക്കി. നിരോധനത്തിന് വഴിവെക്കുന്ന തെളിവുകള്‍ എന്‍ഐഎ കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കലാപത്തില്‍ പ്രതികളായവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ആഗസ്ത് 11നാണ്, ദളിത് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു സമുഹമാധ്യമത്തിലൂടെ പ്രവാചകനെ നിന്ദിച്ചതായി ആരോപിച്ച് ബംഗളൂരുവില്‍ എസ്ഡിപിഐ കലാപം അഴിച്ചുവിട്ടത്. മുഖ്യ ആസൂത്രകനും എസ്ഡിപിഐ നേതാവുമായ മുസമ്മില്‍ പാഷ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ അറസ്റ്റിലായിട്ടുണ്ട്. എംഎല്‍എയുടെ വീടിനു തീയിട്ട മുസ്ലിം മതമൗലികവാദികള്‍ പൊലീസ് സ്റ്റേഷനും ആക്രമിച്ചു. കിഴക്കന്‍ ബെംഗൂരുവിലെ കെജി ഹള്ളി, ഡിജെ ഹള്ളി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാത്രി അക്രമം ഉണ്ടായത്. പോലീസ് വെടിവെപ്പില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടു. എംഎല്‍എയുടെ ബന്ധുവായ പി. നവീന്‍ എന്നയാളിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് അക്രമം. എംഎല്‍എയുടെ കാവല്‍ ബൈരസന്ദ്രയിലെ വീടാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ ഒരു ഭാഗത്ത് തീയിട്ടെങ്കിലും എംഎല്‍എയും കുടുംബവും രക്ഷപ്പെട്ടു.
തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ കെജി ഹള്ളിയിലെയും ഡിജെ ഹള്ളിയിലെയും പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. കൂടുതല്‍ പൊലീസുകാര്‍ എത്തുന്നതിനു മുമ്പ് ജനക്കൂട്ടം പൊലീസ് വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷന് കത്തിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധി പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കത്തിച്ചതോടെ കെഎസ്ആര്‍പി പ്ലറ്റൂണ്‍ രംഗത്തിറങ്ങി. വീടുകളുടെ മേല്‍ക്കൂരകളില്‍നിന്ന് കനത്തതോതില്‍ കല്ലേറുണ്ടായതോടെ പൊലസ് ആകാശത്തേക്കു വെടിവച്ചു. എന്നാല്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത ജനക്കൂട്ടം അക്രമം തുടര്‍ന്നതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.
Discussion about this post