തിരുവനന്തപുരം: യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് നടി മാലാ പാര്‍വതി. സൈബര്‍ നിയമങ്ങള്‍ ആവശ്യത്തിനില്ലാത്തതാണ് പ്രശ്നമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഓരോ പ്രാവശ്യവും ഇത്തരം പ്രശ്നങ്ങളുണ്ടായി പോകുമ്പോള്‍ പൊലീസ് പറയുന്നത് നിയമം ഇല്ല എന്നതാണ്. നിയമം ഉണ്ടെങ്കില്‍ അത് ഏത് സെക്ഷനാണെന്ന് അറിഞ്ഞാല്‍ കൊള്ളാം. സ്ത്രീകളെ എന്തും പറയാം എന്നായിരിക്കുന്നു. 2 ലക്ഷത്തില്‍ പരം പേര് വിഡിയോ കാണുന്നു. പണമുണ്ടാക്കുന്നു. പൊലീസും മാധ്യമങ്ങളും ഇതിനെക്കുറിച്ച് ചോദിക്കുന്നില്ല. ഭാഗ്യലക്ഷ്മിയെ പലവട്ടം വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട്. ഞങ്ങളില്‍ പലരും കാര്യകാരണമില്ലാതെ അധിക്ഷേപിക്കപ്പെടുകയാണ്. നമുക്ക് മാത്രമാണ് ഇത് വിഷമം ഉണ്ടാക്കുന്നത് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ പ്രതിഷേധിച്ചതും തല്ലിയതും. ഞാന്‍ അവര്‍ക്ക് ഒപ്പമാണ്. പെണ്ണുങ്ങളുടെ കയ്യിന്ന് അടികിട്ടുന്നതാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ അഭിമാനക്ഷതം. ഇനി എല്ലാരും ഒന്നടങ്ങുമായിരിക്കും. മാലാ പാര്‍വ്വതി പറഞ്ഞു.
ഏതാനും മാസം മുന്‍പ് മാലാ പാര്‍വ്വതിയുടെ മകനും എസ്എഫ്ഐ നേതാവുമായ അനന്ത കൃഷ്ണന് അശ്ലീല സന്ദേശം അയച്ച് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് രംഗത്തെത്തിയിരുന്നു. സെക്സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് സീമ പരാതി ഉന്നയിച്ചത്. എന്നാല്‍ മകനെ ന്യായീകരിക്കാനാണ് മാലാ പാര്‍വ്വതി ശ്രമിച്ചത്. ഇത്തരത്തിലുള്ള അവരുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. പരാതിപ്പെട്ട സീമയെ അവഹേളിക്കുകയും ചെയ്തു.
സ്ത്രീകളെ അപമാനിക്കുന്ന സ്വന്തം മകനെ ന്യായീകരിച്ച മാലാ പാര്‍വ്വതി ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായെത്തിയത് പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. തല്ലുകൊള്ളേണ്ടവരില് മകനുമില്ലേയെന്നും അത് മറന്നുപോയോയെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു. ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വിജയ് പി. നായരുടെ ഓഫീസില്‍ വെച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശമങ്ങളും നടത്തിയതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. ദേഹത്ത് കരി ഓയില്‍ ഒഴിച്ച സ്ത്രീ സംഘം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇയാളെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്തു. അതേ സമയം കൈയേറ്റം ചെയ്തതിന് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തമ്പാനൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post