കോഴിക്കോട്: കോവിഡ് കാലത്തും ഹിന്ദു വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങി സിപിഎം. കോഴിക്കോട് ബാലുശ്ശേരിയിലെ അത്തോളി കൂമുള്ളി തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിനെതിരെയാണ് പ്രചാരണം. പട്ടികജാതി കുടുംബത്തിന് ക്ഷേത്രത്തില്‍ വിവാഹം നിഷേധിച്ചുവെന്നും തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ കൂമുള്ളി നോര്‍ത്ത് വായനശാലയില്‍വെച്ച് വിവാഹം നടത്തിയെന്നുമാണ് പാര്‍ട്ടി പത്രത്തിന്റെയും സൈബര്‍ സഖാക്കളുടെയും ആക്ഷേപം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ നേതൃത്വത്തില്‍ വായനശാലയിലെ വിവാഹത്തിന്റെ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇതിനെതിരെ ക്ഷേത്ര കമ്മറ്റി രംഗത്തെത്തി. വിവാഹത്തിനായി വീട്ടുകാര്‍ ആരും ക്ഷേത്രത്തെ സമീപിച്ചിരുന്നില്ല. കോവിഡിന്റെ സാഹചര്യത്തില്‍ നിത്യനിദാന ചടങ്ങുകള്‍ മാത്രമാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. ക്ഷേത്രത്തിനടുത്ത വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണുമാണ്. എന്നിരുന്നാലും വിവാഹത്തിനായി സമീപിച്ച ഇടനിലക്കാരനോട് പോലീസിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും അനുമതി വാങ്ങി നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹം നടത്താമെന്ന് അറിയിച്ചിരുന്നു. ക്ഷേത്ര കമ്മറ്റിയില്ത്തന്നെ എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവരുണ്ട്. പല വിഭാഗത്തില്‍പ്പെട്ട ആളുകളുടെയും വിവാഹവും ചോറൂണുമെല്ലാം ഇവിടെ നടന്നിട്ടുണ്ട്. സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കേണ്ട ചില സംഘടനകള്‍ നടത്തുന്ന പ്രചാരണം ഖേദകരമാണെന്നും കമ്മറ്റി സെക്രട്ടറി ഷൈജു കരിങ്ങളി പത്രക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post