തിരുവനന്തപുരം: സ്വര്‍ണക്കടത്ത് സംബന്ധിച്ച സിപിഎമ്മിന്റെ ലഘുലേഖാ പ്രചാരണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സി. പി. എമ്മിന്റെ ലഘുലേഖ പ്രചാരണം സംബന്ധിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഈ ലഘുലേഖ ആരു വായിക്കാനാണ്? ഇനി വായിച്ചാലും ആരു വിശ്വസിക്കാനാണ്? ജനങ്ങള്‍ നല്ല വിവരവും വിവേകവുമുള്ളവരാണ്. കേരളത്തിലെ ഒട്ടേറെ വീടുകളിലും ഒട്ടുമിക്ക കടകളിലും സ്ഥാപനങ്ങളിലും ദേശാഭിമാനി പത്രം നിര്‍ബന്ധപൂര്‍വ്വം ഇടുന്നുണ്ട്. അതില്‍ ഒരു പത്തു ശതമാനം ആളുകള്‍ പോലും പത്രം കൈ കൊണ്ടു തൊടുക പോലും ചെയ്യുന്നില്ല. പിന്നല്ലേ വായിക്കുന്നത്. വീടുകളില്‍ ഇടുന്നത് പല മുതലാളിമാരും സ്പോണ്സര് ചെയ്യുന്ന കോപ്പികളാണ്. കടകളിലും സ്ഥാപനങ്ങളിലും ഉടമകളെ ഭീഷണിപ്പെടുത്തി വരിക്കാരാക്കുന്നതാണ്.
സകലമാന സര്‍ക്കാര്‍ പരസ്യങ്ങളും നാട്ടിലുള്ള മുഴുവന്‍ മുതലാളിമാരുടെ പരസ്യവും കിട്ടിയിട്ടും കൈരളി ചാനലിന്റെ ടി. ആര്. പി. റേറ്റിംഗ് പത്താം സ്ഥാനത്താണ്. അതും പതിനൊന്നാമത്തെ വേറൊരെണ്ണം ഇല്ലാത്തതുകൊണ്ട്. തലകുത്തി മറിഞ്ഞാലും സി. പി. എം ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. ബംഗാളിലെയും ത്രിപുരയിലേയും ഗതിയാണ് വരാന്‍ പോകുന്നതെന്ന് പിണറായി വിജയന് നന്നായറിയാം. അതുകൊണ്ടാണ് നേരം വെളുക്കുവോളം കക്കുന്നത്. മല്‍സരിച്ച് കക്കുകയാണ് നേതാക്കളെല്ലാം. പഴഞ്ചൊല്ലില്‍ പതിരില്ലെന്നൊക്കെ പറയാം പക്ഷെ പലനാള്‍ കള്ളന് ഒരു നാള് പിടിക്കപ്പെടുമെന്നത് സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലൂടെ തെളിഞ്ഞിരിക്കുകയാണ്. നന്ദിഗ്രാമും അഴിമതിയും ബംഗാളിനേയും തൊഴിലില്ലായ്മയും പട്ടിണിയും ത്രിപുരയേയും സ്വാധീനിച്ചെങ്കില്‍ ഇതെല്ലാം ഒരുമിച്ചു വന്നതാണ് കേരളത്തിലെ സി. പി. എമ്മിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്കു കാരണമാവാന്‍ പോകുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത് വിവാദത്തില്‍ ആരോപണങ്ങള്‍ക്കു മറുപടി പറയുന്ന ലഘുലേഖയുമായാണ് സിപിഎം രംഗത്തെത്തിയത്. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന ന്യായീകരണമാണ് ലഘുലേഖയിലുള്ളത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടിയെടുത്തു. സ്വര്‍ണക്കടത്തു കേസില്‍ ഇതുവരെ പിടികൂടിയ പ്രതികള്‍ക്ക് ബിജെപി മുസ്ലിം ലീഗ് ബന്ധമാണുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയ്ക്ക് രാജ്യം വിടാന്‍ സൗകര്യം ഒരുക്കിയത് കേന്ദ്ര സര്‍ക്കാരാണ്. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് അധമരാഷ്ട്രീയമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തുടര്ച്ചയുണ്ടാകുമോയെന്ന വേവലാതിയാണ് പ്രതിപക്ഷത്തിന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപിന്തുണയില്‍ വിറളി പൂണ്ടവര്‍ അജണ്ടയുണ്ടാക്കുകയാണെന്നും ലഘുലേഖ പറയുന്നു. ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിനാണ് ലഘുലേഖ അച്ചടിച്ചിരിക്കുന്നത്. എന്നാല്‍ മന്ത്രി കെ.ടി. ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ലഘുലേഖ മൗനം പാലിക്കുകയാണ്.
Discussion about this post