ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടത്തിയ കലാപത്തിലെ കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിന്റെയും സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെയും പേരുകള്‍. സിഎഎ വിരുദ്ധ സമരത്തില്‍ ഇവര്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്, പോലീസ് സംരക്ഷണയിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് കുറ്റപത്രത്തില്‍ ഇവരുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 161 പ്രകാരം സാക്ഷി നല്കിയ മൊഴിയില്‍ ഈ രണ്ട് രാഷ്ട്രീയ നേതാക്കളും പ്രതിഷേധ സമരം നടന്നിരുന്ന ഖുറേജിയിലേക്കെത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. സാക്ഷിയുടെ മൊഴിയില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെയും പേരുണ്ട്.
അതേസമയം, മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന് നല്കിയ മൊഴിയില്‍ സല്മാന് ഖുര്‍ഷിദ്, സംവിധായകന് രാഹുല്‍ റോയ്, ഭീം ആര്‍മി നേതാവ് ഹിമാന്‍ശു എന്നിവരെ പ്രതിഷേധം നിലനിര്‍ത്താന്‍ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം താനും ഖാലിദ് സൈഫിയും കൂടി വിളിച്ചുവരുത്തിയതായി പറയുന്നു. സമരക്കാരെ പ്രചോദിപ്പിക്കാനായി ഇവര്‍ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നും മൊഴിയില്‍ പറയുന്നു.
സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്, സല്മാന് ഖുര്‍ഷിദ്, ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം മീരാന്‍ ഹൈദര്‍ എന്നിവരെ ഖുറേജിയിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും ഇവരൊക്കെ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നും ഖാലിദ് സെയ്ഫിയുടെ മൊഴിയില്‍ പറയുന്നു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ്, ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന് പ്രൊഫ. അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന് രാഹുല്‍ റോയ്, മുന്‍ എം.എല്‍.എ. മതീന് അഹമ്മദ്, എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാന് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുള്ളതായി നേരത്തെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 24 നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post