കണ്ണൂര്‍: ആദിവാസി യുവതിയുടെ കൊലപാതകത്തിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്എസ്എസ്സാക്കി ദേശാഭിമാനിയുടെ വ്യാജ പ്രചാരണം. കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്ത്തകന് കോളയാട് പെരുവയിലെ വിപിനെയാണ് പാര്‍ട്ടി പത്രം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവച്ചത്. ഇയാള്‍ ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനാണ്. ഇയാള്‍ സിപിഎം പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാര്‍ട്ടിയും പത്രവും നാണക്കേടിലായി.
പ്രതിയുടെ രാഷ്ട്രീയ ബന്ധം കേസുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെങ്കിലും ദേശാഭിമാനി നുണ എഴുതുകയായിരുന്നു. ഇതോടെ ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്നത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതില്‍ പ്രാദേശിക നേതൃത്വലെ ഒരു വിഭാഗം പത്ര ഭാരവാഹികളെ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ മാസം തോലമ്പ്ര പുരളിമല കുറിച്യക്കോളനിക്ക് സമീപത്തെ കശുമാവിന് തോട്ടത്തിലാണ് ശോഭയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. വിപിന്‍ യുവതിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഗസ്ത് 24നാണ് ശോഭയെ കാണാതാകുന്നത്. 28ന് മൃതദേഹം കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തുവന്നു. ശോഭയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിപിനുമായി ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയത്.
വിധവയായ ശോഭയെ വിപിന്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. അടുപ്പത്തിലായതോടെ വിവാഹ വാഗ്ദാനവും നല്കി. എന്നാല്‍ പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ് തന്നെ വിവാഹം കഴിക്കണമെന്ന് ശോഭ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതോടെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ശോഭയെ വിപിന്‍ തോലമ്പ്രയിലേക്ക് വിളിച്ചുവരുത്തി. കശുമാവിന് തോട്ടത്തില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊന്ന് ചുരിദാറിന്റെ ഷാളില്‍ കെട്ടിത്തൂക്കി. ഫോണും ആഭരണങ്ങളും കൈക്കലാക്കി. ഫോണ്‍ പ്രതിയുടെ വീട്ടില്‍നിന്നും ആഭരണങ്ങള്‍ പണയപ്പെടുത്തിയതായും കണ്ടെത്തി.
Discussion about this post