തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരും നേതാക്കളും കുരുക്കിലായതിന് പിന്നാലെ സിപിഎമ്മില്‍ ചേരിപ്പോരും രൂക്ഷമാകുന്നു. തന്റെ മകന് സ്വപ്നക്കൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ടത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ഇ.പ.ി ജയരാജന് നേതൃത്വത്തിന് പരാതി നല്കി. നേരത്തെ സ്വര്‍ണക്കടത്ത്, ബംഗളുരു മയക്കുമരുന്ന് കേസ് എന്നിവയില്‍ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ മകന് ജയ്സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇപി ജയരാജന് ഉന്നയിക്കുന്ന പരാതി. സ്വപ്നക്കൊപ്പം ജയ്സന് നില്ക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപിയും കുടുംബവും ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ പരാതി വീണ്ടും ജയരാജന് ഉന്നയിക്കും.
2018 ലാണ് സ്വപ്ന സുരേഷിന് ഇ.പി. ജയരാജന്റെ മകന് പാര്‍ട്ടി നടത്തിയത്. പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച് നല്‍കിയതിന്റെ പ്രത്യുപകാരമായിരുന്നു പാര്‍ട്ടി. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്സന് സ്വപ്നയെ പരിചയപ്പെട്ടത്. പാര്‍ട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് തന്നെ. സ്വപ്നയും ബിനീഷും ജയ്സനുമടക്കം 7 പേര് മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫോട്ടോയായി പുറത്ത് വന്നത്. ഇതിലാണ് ഇ.പി. ദുരൂഹത കാണുന്നത്. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയ്സന്റെ ഫോട്ടോ പുറത്ത് വരുന്നത്. 2018ന് ശേഷം സ്വപ്നയുമായി ജയ്സന് യാതൊരു ബന്ധവുമില്ലെന്നാണ് ഇപി ജയരാജന്റെ വാദം. എന്നിട്ടും ഈ ചിത്രം പുറത്ത് വിട്ട് തന്നെയും കുടുംബത്തെയും ബിനീഷ് ആക്ഷേപിച്ചെന്നാണ് ഇപിയുടെ പരാതി.
സിപിഎമ്മിലെ വിഭാഗീയ രാഷ്ട്രീയത്തില്‍ പുതിയ സമവാക്യത്തിന് വഴിതുറക്കുന്നതാണ് ഇ.പി.യുടെ നീക്കം. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്ന സമയം മുതല്‍ ഇ.പി. കോടിയേരി വിരുദ്ധ പക്ഷത്താണ്. സ്വര്‍ണക്കടത്തില്‍ ഇ.പി. ജയരാജന്റെ മകന് ജയ്സണ്‍ രാജിന്റെ പങ്കും നേരത്തെ പുറത്തുവന്നിരുന്നു. ലൈഫ് മിഷന് പദ്ധതിയില്‍ കമ്മിഷനായി പോയെന്നു കരുതുന്ന നാല് കോടി രൂപയുടെ പങ്കു പറ്റിയവരില്‍ ജയ്സണും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും ജയ്സണും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളും എന്‍ഐഎക്കും കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ മുറിയില്‍ വച്ചുള്ളതാണ് ചിത്രങ്ങള്‍. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നുമാണു വിവരം.
ലൈഫ് മിഷന് ഇടപാടില്‍ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതില്‍ പ്രമുഖ പങ്ക് ഈ ആള്‍ക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. മന്ത്രി ദുബായില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്‍പായിരുന്നു ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള ആയുര്‍വ്വേദ ആശുപത്രിയുടെയും റിസോര്‍ട്ടിന്റെയും ചെയര്മാന് കൂടിയാണ് ജയ്സണ്‍. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്സ് എന്ന വീസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ക്കും ഈ റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ട്. വീസ സ്റ്റാംപിങ് കരാര്‍ യുഎഎഫ്എക്സിനു നേടിക്കൊടുത്തതിന്റെ കമ്മിഷന് പണമാണ് ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയതെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
Discussion about this post