ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) ലംഘിച്ചതില്‍ 43.41 ലക്ഷം രൂപ പിഴയടച്ച് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പിഴയടച്ച് റിട്ടേണുകള്‍ ഫയല്‍ ചെയ്തത്. എഫ്സിആര്‍എ ലംഘിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരുന്നു. വിദേശ സംഭാവന വകമാറ്റി ചെലവഴിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഭയുടെ എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഐപിസി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് പിഴയടക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 2017ന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ ഇതുവരെ ലൈസന്‍സ് പുനസ്ഥാപിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ ഒന്നരക്കോടിയോളം രൂപ പിന്‍വലിക്കാനും സാധിച്ചിട്ടില്ല.
പിഴ ഈടാക്കാന്‍ സഭയുടെ സ്വത്തില്‍ കൈവെക്കുമെന്ന ഘട്ടത്തിലാണ് കോടതിയെ സമീപിച്ചതെന്ന് റവ.വല്സന് എബ്രഹാം പറഞ്ഞു. ബാങ്ക് ഗ്യാരന്റി നല്‍കാമെന്ന നിര്‍ദ്ദേശം കോടതി അംഗീകരിച്ചില്ല. തുകയായി തന്നെ അടക്കാന്‍ ഉത്തരവിട്ടു. 2017ല്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തത് കാരണമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. 2019 മാര്‍ച്ചില്‍ ലൈസന്‍സ് റദ്ദാക്കി. ഡല്‍ഹിയിലെത്തി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അദ്ദേഹം വീഡിയോയില്‍ വിശദീകരിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിദേശ ഫണ്ടുകള്‍ വകമാറ്റി ഉപയോഗിക്കുന്നതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വിദേശ ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ വീഴ്ച വരുത്തിയ പതിനായിരത്തിലേറെ സ്ഥാപനങ്ങളുടെ എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.
Discussion about this post