ഗ്വാളിയോര്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിക്കും സംഘത്തിനും തലവേദനയാകുന്നു. സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറില്‍ കോണ്‍ഗ്രസ്സിന്റെ അയ്യായിരത്തിലേറെ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും സിന്ധ്യയുടെയും സാനിധ്യത്തിലായിരുന്നു ഇവര്‍ അംഗത്വം എടുത്തത്. ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത സിന്ധ്യ വികസനത്തിന്റെ പുതിയ അധ്യായം രചിക്കാനാണ് നമ്മള് തീരുമാനിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഗ്വാളിയോര്‍ രാജകുടുംബാംഗമായ സിന്ധ്യക്ക് മേഖലയില്‍ വലിയ സ്വാധീനമാണുള്ളത്. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറും പരിപാടിയില്‍ പങ്കെടുത്തു.
ഈ മാസം 22 മുതല്‍ 24 വരെ ഗ്വാളിയോര്‍ ചമ്പാല്‍ മേഖലയില്‍ അംഗത്വ പ്രചാരണവും ബൂത്തുതല പ്രവര്‍ത്തനവും ബിജെപി തീരുമാനിച്ചിട്ടുണ്ട്. 26 അസംബ്ലി മണ്ഡലങ്ങളാണ് മേഖലയിലുള്ളത്. 16 പൊതുയോഗങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇതിലൊന്നാണ് ഇന്ന് നടന്നത്. വരുന്ന പരിപാടികളിലും ആയിരക്കണക്കിനാളുകള്‍ അംഗത്വമെടുക്കുമെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സിന്ധ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിക്കുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. സിന്ധ്യയുടെ വരവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി.
Discussion about this post