കോഴിക്കോട്: യുഎഇ കോണ്‍സുലേറ്റില്‍നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് കീഴിലുള്ള സി ആപ്ട് വഴി സ്വര്‍ണം കടത്തിയെന്ന ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി. മലപ്പുറത്തേക്ക് സി ആപ്ട് വാഹനത്തില്‍ ഖുറാനാണ് കൊണ്ടുപോയതെന്ന ജലീലിന്റെ വിശദീകരണത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്തെത്തി. മതഗ്രന്ഥത്തെ കൂട്ടുപിടിച്ച് വീരവാദങ്ങള്‍ മുഴക്കിയ ജലീല്‍ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ടെന്ന് സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
സുരേന്ദ്രന് ഉന്നയിച്ച ചോദ്യങ്ങള്‍.
1) ഇങ്ങനെ 28 പാര്‍സലുകള്‍ യു. എ. ഇ കോണ്‍സുലേറ്റില്‍നിന്ന് സി. ആപ്റ്റിലേക്ക് വന്നതിന് എന്തെങ്കിലും ഔദ്യോഗിക രേഖകളുണ്ടോ?
2) അങ്ങനെ ഉണ്ടെങ്കില്‍ ആ രേഖകളുടെ പകര്‍പ്പ് പുറത്തുവിടാനുള്ള ധൈര്യം ജലീല്‍ കാണിക്കുമോ?,
3) ഇത് സര്‍ക്കാര്‍ വണ്ടിയില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയതിന്റെ രേഖകള്‍ എവിടെ?
4) ഇതില്‍ എത്ര പാക്കറ്റുകള്‍ മൂവാറ്റുപുഴയില്‍ ഇറക്കിയിട്ടുണ്ട്? എത്ര പാക്കറ്റുകള്‍ എടപ്പാളില്‍ ഇറക്കിയിട്ടുണ്ട്?
5) മൂവാറ്റുപുഴയിലും എടപ്പാളിലും ഈ പാക്കറ്റുകള്‍ ആരാണ് ഏറ്റുവാങ്ങിയത്?
6) ഇതു സംബന്ധിച്ച ഫയലുകള്‍ സര്‍ക്കാര്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
7) പാക്കറ്റുകളില്‍ ഖുര്‍ ആന്‍ തന്നെയാണെന്ന് താങ്കള്‍ എങ്ങനെയാണ് ഉറപ്പിക്കുന്നത്?
സര്‍ക്കാര്‍ നടപടി പ്രകാരം അനുവര്‍ത്തിക്കേണ്ട ചട്ടങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടുണ്ടോ?
ഇതു സംബന്ധിച്ച എല്ലാ രേഖകളും പുറത്തുവിടാന്‍ ജലീല്‍ തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു. വിശുദ്ധ ഖുറാനാണ് മലപ്പുറത്തേക്ക് പോയതെന്ന് ജലീല്‍ പറഞ്ഞത് അവിശ്വസനീയമാണെന്ന് സുരേന്ദ്രന് വ്യക്തമാക്കി. വിശുദ്ധ ഖുറാന് യുഎഇയില്‍ നിന്ന് ഇവിടെ എത്തിക്കേണ്ട യാതൊരുകാര്യവും ഇല്ല. കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന ഗ്രന്ഥമാണ് ഖുറാന്. അറബ് രാജ്യങ്ങളേക്കാള്‍ ഇസ്ലാമിക പ്രസിദ്ധീകരണ ശാലയുള്ള സ്ഥലമാണ് കേരളം. 28 പായ്ക്കറ്റുകളില്‍ ചിലത് പൊട്ടിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം സി ആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
മുന്‍പ് താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി കെ.ടി ജലീലില്‍ റംസാന് കിറ്റാണോ സ്വര്‍ണകിറ്റാണോ വിതരണം ചെയ്തതെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് പല മാധ്യമപ്രവര്‍ത്തകരും അതിശയോക്തിയോടെയാണ് ഈ ചോദ്യത്തെ കണ്ടത്. ഭക്ഷ്യക്കിറ്റുകളാണ് എന്നാണ് നേരത്തെ ജലീല്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഖുറാന് ആണെന്ന് പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെ സഹായിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചുവെന്ന് വ്യക്തമാണ്. സി ആപ്ടില്‍ നിന്ന് 28 ബാഗേജുകള്‍ മലപ്പുറം ജില്ലയിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇവിടേക്ക് യുഎഇ കോണ്‍സുലേറ്റില്‍ നിന്നെന്ന് പറഞ്ഞ് 28 പാക്കറ്റുകള്‍ വന്നിരുന്നുവെന്നും ആ പായ്ക്കറ്റുകളെല്ലാം തന്നെ മലപ്പുറം ജില്ലയിലേക്കാണ് പോയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സി ആപ്ടിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഏജന്‍സികള്‍ നടപടികളാരംഭിച്ചു.
സി ആപ്ടിലെ നിയമനങ്ങളെല്ലാം അനധികൃതമായാണ്. മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ അനധികൃതമായാണ് നിയമിച്ചത്. ഇയാള്‍ക്കെതിരെ വലിയ ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അവര്‍ക്കെല്ലാം ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ട്. ജലീല്‍ എന്നോ രാജിവെച്ച് പോകേണ്ടതാണ്. ചട്ടലംഘനം നടത്തിയതായി നേരത്തെ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നു. പുതിയ ആരോപണങ്ങള്‍ വന്നിട്ടും വിശ്വസനീയമായ ഒരു മറുപടിയും ജലീല്‍ നല്‍കിയിട്ടില്ല. തെളിവുകള്‍ പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയൊ സിപിഎം വക്താക്കളോ, സിഐഎം നേതാക്കന്മാരോ ഒരു മറുപടിയും പറയാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post