കോഴിക്കോട്: അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകള്‍ ഒരോ ദിവസവും പുറത്തുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കെ.ടി. ജലീല്‍ മന്ത്രിയായ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സി ആപ്ടില്‍ നിന്ന് 28 ബാഗേജുകള്‍ മലപ്പുറം ജില്ലയിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇവിടേക്ക് യുഎഇ കോണ്‍സുലേറ്റില്‍ നിന്നെന്ന് പറഞ്ഞ് 28 പാക്കറ്റുകള്‍ വന്നിരുന്നുവെന്നും ആ പായ്ക്കറ്റുകളെല്ലാം തന്നെ മലപ്പുറം ജില്ലയിലേക്കാണ് പോയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സി ആപ്ടിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഏജന്‍സികള്‍ നടപടികളാരംഭിച്ചു.
വിശുദ്ധ ഖുറാനാണ് മലപ്പുറത്തേക്ക് പോയതെന്നാണ് ജലീല്‍ പറഞ്ഞത്. ഇത് അവിശ്വസനീയമായ കാര്യമാണ്. വിശുദ്ധ ഖുറാന് യുഎഇയില്‍ നിന്ന് ഇവിടെ എത്തിക്കേണ്ട യാതൊരുകാര്യവും ഇല്ല. കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന ഗ്രന്ഥമാണ് ഖുറാന്. അറബ് രാജ്യങ്ങളേക്കാള്‍ ഇസ്ലാമിക പ്രസിദ്ധീകരണ ശാലയുള്ള സ്ഥലമാണ് കേരളം. 28 പായ്ക്കറ്റുകളില്‍ ചിലത് പൊട്ടിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം സി ആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുന്‍പ് താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി കെ.ടി ജലീലില്‍ റംസാന് കിറ്റാണോ സ്വര്‍ണകിറ്റാണോ വിതരണം ചെയ്തതെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് പല മാധ്യമപ്രവര്‍ത്തകരും അതിശയോക്തിയോടെയാണ് ഈ ചോദ്യത്തെ കണ്ടത്. ഭക്ഷ്യക്കിറ്റുകളാണ് എന്നാണ് നേരത്തെ ജലീല്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഖുറാന് ആണെന്ന് പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെ സഹായിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചുവെന്ന് വ്യക്തമാണ്.
സി ആപ്ടിലെ നിയമനങ്ങളെല്ലാം അനധികൃതമായാണ്. മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ അനധികൃതമായാണ് നിയമിച്ചത്. ഇയാള്‍ക്കെതിരെ വലിയ ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അവര്‍ക്കെല്ലാം ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ട്. ജലീല്‍ എന്നോ രാജിവെച്ച് പോകേണ്ടതാണ്. ചട്ടലംഘനം നടത്തിയതായി നേരത്തെ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നു. പുതിയ ആരോപണങ്ങള്‍ വന്നിട്ടും വിശ്വസനീയമായ ഒരു മറുപടിയും ജലീല്‍ നല്‍കിയിട്ടില്ല. തെളിവുകള്‍ പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയൊ സിപിഎം വക്താക്കളോ, സിഐഎം നേതാക്കന്മാരോ ഒരു മറുപടിയും പറയാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിലെ തന്നെ ഒരു അംഗം സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നോ സംസ്ഥാന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നൊ യാതൊരു പ്രതികരണവും ഇതേ വരെ ഉണ്ടായിട്ടില്ല. വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സുരേന്ദ്രന് പറഞ്ഞു.
Discussion about this post