കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധത്തിര തീര്‍ത്ത ദിവസമായിരുന്നു ശനിയാഴ്ച. ചോദ്യം ചെയ്യല്‍ മറച്ചുവെച്ചിരുന്ന ജലീല്‍ വാര്‍ത്ത പുറത്തുവന്നതിന് ശേഷവും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. സത്യം മാത്രമേ ജയിക്കൂ എന്ന ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പ്രതികരണം ഒതുക്കി. ഈ ഒളിച്ചുകളി ജലീലിനെതിരായ സംശയം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മന്ത്രി മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കാത്തതെന്ന ചോദ്യവുമുയര്‍ന്നു.
മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിളികളോട് മന്ത്രി പ്രതികരിച്ചില്ല. അടുപ്പമുള്ളവരുടെ പോലും ഫോണ്‍ എടുത്തില്ല. പാര്‍ട്ടി ചാനലും വിശദീകരണം ലഭിക്കാതെ കുഴങ്ങി. ജലീലിന്റെ മൗനം സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി. എന്നാല്‍ ഒരു മാധ്യമത്തിന് മാത്രം മന്ത്രി ഫോണിലൂടെ പ്രതികരണം നല്കി. അത്രയൊന്നും അറിയപ്പെടാത്ത ‘ദ ഫെഡറല്‍’ എന്ന ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്. എന്നാല്‍ പ്രതികരണമെടുത്ത മാധ്യമ പ്രവര്‍ത്തകയെ കേരളത്തിന് പരിചയമുണ്ട് – വിവാദങ്ങളിലൂടെയാണെന്ന് മാത്രം.
കേരളത്തില്‍ മുസ്ലിം തീവ്രവാദം ആളിക്കത്തിച്ച അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസ് അട്ടിമറിക്കാന്‍ മാധ്യമ പ്രവര്‍ത്തനത്തെ മറയാക്കിയ കെ.കെ. ഷാഹിനക്കാണ് ജലീല്‍ വിശദമായി പ്രതികരണം നല്‍കിയത്. കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ഷാഹിനക്കെതിരെ മടിക്കേരി പോലീസ് കേസെടുത്തിരുന്നു. മദനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിപിഎം നേതാവാണ് മുന്‍ സിമി പ്രവര്ത്തകന് കൂടിയായ ജലീല്‍. ഇടത്-മുസ്ലിം തീവ്രവാദ ആശയങ്ങളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് ഷാഹിന.
തന്നെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തതായി ജലീല്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ ചോദിച്ചില്ല. കോണ്‍സുലേറ്റ് വഴി ഖുര്‍ ആനും പെരുന്നാള്‍ കിറ്റും കൊണ്ട് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ചോദിച്ചുള്ളൂ. എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി തന്നെ മറുപടിയും പറഞ്ഞു. എന്റെ സ്വത്ത് വിവരങ്ങള്‍ ചോദിച്ചു. എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്. സിമി ബന്ധം സംബന്ധിച്ച ചോദ്യത്തിന് താന്‍ സിമിയില്‍ നിന്ന് ലഷ്കര്‍ ഇ തോയിബയിലേക്ക് അല്ലല്ലോ പോയതെന്ന് മന്ത്രി മറുപടി പറഞ്ഞു. മുസ്ലിം ലീഗിലേക്കാണ്. അവിടന്ന് സിപിഎമ്മിലേക്കുമാണ്. പക്ഷേ അത് പലര്‍ക്കും ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. മന്ത്രി ചൂണ്ടിക്കാട്ടി.
https://www.facebook.com/shahinanafeesa/posts/10221916415957145
Discussion about this post