മുംബൈ: നടി കങ്കണ റണൗട്ടുമായുള്ള ഏറ്റുമുട്ടലില്‍ ശിവസേനയെ കുറ്റപ്പെടുത്തി സഖ്യകക്ഷികളായ എന്‍സിപിയും കോണ്‍ഗ്രസ്സും. കങ്കണയുടെ ഓഫീസ് പൊളിച്ച നടപടി ജനങ്ങളില്‍ സംശയത്തിനിടയാക്കിയെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പരസ്യമായി തുറന്നടിച്ചു. ഓഫീസ് നിയമവിരുദ്ധമാണോ എന്നറിയില്ല. കൃത്യമായ വിവരമില്ലാതെ ഇത് പറയുന്നത് ശരിയല്ല. അനധികൃത കെട്ടിടങ്ങള്‍ മുംബൈയില്‍ പുതിയ കാര്യമല്ല. കങ്കണക്ക് അനാവശ്യ പ്രാധാന്യം നല്‍കിയെന്നും പവാര്‍ കുറ്റപ്പെടുത്തി. ശിവസേന നേതൃത്വം നല്കുന്ന മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിയില്‍ കോണ്‍ഗ്രസ്സും പ്രതിഷേധത്തിലാണ്. ഇതോടെ സംസ്ഥാന ഭരണത്തില്‍ വിള്ളലുണ്ടാക്കാനും വിഷയം വഴിവെച്ചു.
ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ശിവസേനാ വക്താവ് സഞ്ജയ് റാവത്തും ശരത് പവാറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നിരുന്നു. മറാത്താ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെങ്കിലും പവാര്‍ കങ്കണ വിഷയത്തിലെ അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കങ്കണക്ക് അനാവശ്യമായി അവസരം നല്കുന്ന നടപടിയാണ് ശിവസേനയുടേതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചതായി ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ്സും റിപ്പോര്‍ട്ട് ചെയ്തു. ഇത് അവഗണിക്കേണ്ടതായിരുന്നു. പകരം സെല്‍ഫ് ഗോളടിച്ചു. നേതാവ് ചൂണ്ടിക്കാട്ടി.
മുന്‍ മുംബൈ കോണ്‍ഗ്രസ് പ്രസിഡണ്ട് സഞ്ജയ് നിരുപവും സേനക്കെതിരെ രംഗത്തുവന്നു. സര്‍ക്കാരിന് നേതൃത്വം നല്കുന്നവര് ഇങ്ങനെ ചെയ്യുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കങ്കണക്ക് ബിജെപിയുമായി ബന്ധമുണ്ടാകാം. അവര്‍ക്ക് വേണ്ടിയാകാം ഇതെല്ലാം ചെയ്യുന്നത്. എന്തിനാണ് അവരുടെ കെണിയില്‍ സര്‍ക്കാര്‍ വീഴുന്നത്. ഇത് വിലകുറഞ്ഞ നടപടിയാണ്. അദ്ദേഹം തുറന്നടിച്ചു.
മുംബൈയില്‍ കാലുകുത്താന്‍ കങ്കണയെ അനുവദിക്കില്ലെന്നായിരുന്നു സേനയുടെ ഭീഷണി. എന്നാല്‍ സേനയെ വെല്ലുവിളിച്ച കങ്കണ കേന്ദ്ര സര്‍ക്കാര്‍ നല്കിയ വൈ കാറ്റഗറി സുരക്ഷയോടെ മുംബൈയില്‍ പറന്നിറങ്ങി. ഇതിന്റെ വൈരാഗ്യത്തിനാണ് നടിയുടെ ഓഫീസ് അനധികൃതമാണെന്നാരോപിച്ച് പൊളിച്ചത്. ഇതിനെതിരെ കങ്കണ കോടതിയില്‍നിന്ന് സ്റ്റേ ഉത്തരവും വാങ്ങി. മസില് പവര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളായ സേനക്ക് കങ്കണയുമായുള്ള ഏറ്റുമുട്ടല്‍ വലിയ നാണക്കേടായി. ഇതിന് പിന്നാലെയാണ് സഖ്യകക്ഷികളുടെ ഉടക്ക്.
Discussion about this post