കണ്ണൂര്‍: കതിരൂരില്‍ സിപിഎം ശക്തികേന്ദ്രത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. സംഭവത്തില്‍ മരണം നടന്നത് സിപിഎം മറച്ചുവെച്ചതായാണ് ആരോപണം. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനെ ആത്മഹത്യ ചെയ്തതായി ചിത്രീകരിച്ച് സംസ്കരിച്ചതായി നാട്ടുകാര്‍ പറയുന്നു. എത്ര പേര് സംഭവസ്ഥലത്തുണ്ടായി എന്നത് സംബന്ധിച്ച് പോലീസിനും കൃത്യമായ വിവരമില്ല. മാധ്യമങ്ങളും പരസ്പര വിരുദ്ധമായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിക്കേറ്റ ഒരാള്‍ വ്യാജ പേരില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സ തേടിയതായും വാര്‍ത്തയുണ്ട്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി പോലീസും ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും രംഗത്തെത്തി.
സ്വര്‍ണക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും പ്രതിക്കൂട്ടിലായ സിപിഎം നേതൃത്വം ജനശ്രദ്ധ തിരിച്ചുവിടാന്‍ ആസൂത്രിതമായി നടത്തിയ ബോംബ് നിര്‍മ്മാണമാണ് കതിരൂരില്‍ നടന്നത്. ഈ സംഭവം നടന്നതിന്റെ സമീപത്ത് ഒരാള്‍ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ശവം സംസ്കരിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയും നടത്തിയില്ല. ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് അസ്വഭാവികമായി ഒരു ആത്മഹത്യനടന്നു. എന്നാല്‍ അത് ആത്മഹത്യയല്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. ആത്മഹത്യയല്ല സ്ഫോടനത്തില്‍ മരിച്ചതാണെന്നാണ് സംശയം. അക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. സംഭവത്തില്‍ ദുരൂഹതയുണ്ട്. ആത്മഹത്യയും തിരക്കിട്ട സംസ്കാരവും എങ്ങനെയാണ് നടന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കതിരൂരില്‍ പൊട്ടിത്തെറിച്ചത് ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താന്‍ ശേഷിയുള്ള മാരക ബോംബുകളാണ്. ഇതിന് സിപിഎം നേതൃത്വത്തിന് ബന്ധമുണ്ട്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് ശേഷം കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ് രാഷ്ട്രീയ അക്രമങ്ങള്‍. അധികമാരും ശ്രദ്ധിക്കാത്ത ഒരു വിഷയമാണ് കതിരൂരില്‍ ഉണ്ടായിട്ടുള്ള ബോംബ് സ്ഫോടനം. ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് ഷെഡ്ഡ് കെട്ടി ആഴ്ചകളോളം ബോംബ് നിര്‍മിച്ചിരുന്നു. ബോംബ് നിര്‍മാണം സിപിഎമ്മിലെ ഉന്നതന്മാരുടെ അറിവോടെയാണ് നടന്നിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് മുന്നില്‍ ചുവപ്പ് സ്റ്റിക്കര്‍ പതിപ്പിച്ച് സിപിഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ വലിയൊരു ആക്രമണം നടത്താനുള്ള കോപ്പുകൂട്ടലാണ് സിപിംഎം നടത്തിയിരുന്നതെന്നും സുരേന്ദ്രന് പറയുന്നു.
കതിരൂര്‍ പൊന്ന്യം ചുണ്ടങ്ങാപ്പൊയില്‍ റോഡില്‍ തെക്കേ തയ്യിലില്‍ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. മാഹി ചൂടിക്കോട്ട സ്വദേശി കുട്ടു എന്ന റിനീഷ്, ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി സജൂട്ടി, അഴിയൂര്‍ സ്വദേശി ധീരജ് എന്നിവരെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റിനീഷിന്റെ ഇരു കൈപ്പത്തികളും തകര്‍ന്നിട്ടുണ്ട്. സജൂട്ടിക്ക് കണ്ണിനാണ് പരിക്ക്. സംഭവസ്ഥലത്തുനിന്ന് പുതുതായി നിര്‍മിച്ച 13 സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തു. പൊന്ന്യം പുഴയോടുചേര്‍ന്നുള്ള തോടിനുകുറുകെ ഏറുമാടം പോലെ പന്തല്‍കെട്ടി അതിലിരുന്നാണ് ബോംബ് നിര്‍മിച്ചത്. സ്ഫോടനം നടന്നയുടന്‍ പരിക്കേറ്റവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. നാടന്‍ബോംബ് നൂലുപയോഗിച്ച് കെട്ടിമുറുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.
Discussion about this post