തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ ഇടതുപക്ഷം സ്വീകരിക്കുമ്പോള്‍ തിരിഞ്ഞുകൊത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. സരിതാ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ജോസിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കണമെന്ന് കോടിയേരി 2015 ഏപ്രില്‍ ആറിന് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ് ഇങ്ങനെ:
സരിതാ എസ് നായരുടെ ഇരുപത്തിമൂന്ന് പേജ് കത്തിന്റെ ഒരു പേജും അതിലെ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ ജോസ് കെ മാണി എംപിക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുക്കണം.
ബാര്‍ കോഴക്കേസില്‍ കെ എം മാണി പ്രതിസ്ഥാനത്താണ്. മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിഭാഗം ചേര്‍ന്നിരിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പരസ്പര വിരുദ്ധമായ നിലപാടാണ് എടുത്തിരിക്കുന്നത്. മാണിക്കെതിരെയാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്. കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനും കെപിസിസി വക്താവ് പന്തളം സുധാകരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവുമൊക്കെ മാണിക്കെതിരായി. എന്നിട്ടും ഉമ്മന്‍ചാണ്ടി മാണിയെ സംരക്ഷിക്കുന്നത് അധികാരത്തില്‍ തുടരാന്‍ വേണ്ടി മാത്രമാണ്.
ഇരുപത്തിമൂന്ന് പേജ് കത്തിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തുവരുമെന്നതില്‍ സംശയമില്ല.
https://www.facebook.com/KodiyeriB/posts/808696879211163
സമൂഹമാധ്യമങ്ങളില്‍ സിപിഎമ്മിനെയും കോടിയേരിയെയും പരിഹസിച്ച് ഇത് രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കി. മാണിക്കെതിരായ ബാര്‍ കോഴക്കാലത്ത് സിപിഎം നടത്തിയ പ്രസ്താവനകളും പ്രതിഷേധങ്ങളും ചര്‍ച്ചയായിട്ടുണ്ട്. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നടത്തിയ അക്രമവും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. അതേ സമയം ജോസ് വിഭാഗത്തെ കോടിയേരി സ്വാഗതം ചെയ്തു. എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ് എംന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. യുഡിഎഫിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കും. യുഡിഎഫ് രൂപികരണത്തിന് നേതൃത്വം നല്കിയ പാര്‍ടിയാണ് 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യു ഡി എഫില്‍ നിന്നും പുറത്തു വന്ന എല്‍ജെഡിയും എല്‍ഡിഎഫിന്റെ ഭാഗമായി മാറിയിരുന്നു. ഫലത്തില്‍ കോണ്‍ഗ്രസും ലീഗും മാത്രമുള്ള സംവിധാനമായി യുഡിഎഫ് മുന്നണി മാറി. ഉപാധികളൊന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഇടതു മുന്നണിയുമായി സഹകരിക്കുകയെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണ്. മതനിരപേക്ഷത, കര്‍ഷക പ്രശനങ്ങള്‍, വികസനം എന്നീ കാര്യങ്ങളില്‍ എല്‍ ഡി എഫിന്റേയും സര്‍ക്കാരിന്റേയും നയങ്ങളെ പിന്തുണച്ചുവെന്നതും ശ്രദ്ധേയം. നാടിന്റെ പൊതുവികാരം തന്നെയാണ് അതില്‍ പ്രതിഫലിക്കുന്നത്. രാഷ്ട്രീയ നിലപാട് ജോസ്.കെ.മാണി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ക്രിയാത്മക നിലപാട് സ്വീകരിക്കും. കോടിയേരി പറഞ്ഞു.
https://www.facebook.com/KodiyeriB/posts/3397887586958733
Discussion about this post