ന്യൂഡല്‍ഹി: കേരളാ പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകത്തിലെ അഴിമതി ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണവുമായി സഹകരിക്കാന്‍ ഭാരവാഹികളായ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറായില്ല. രേഖകള്‍ ലഭ്യമാക്കാതെ ഒളിച്ചുകളിച്ചു. ഈ സാഹചര്യത്തില്‍ വിശദമായ ഓഡിറ്റ് നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും വേണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഡല്‍ഹി കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇന്‍ഡസ് സ്ക്രോളിന് ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസിലെ പ്രശാന്ത് രഘുവംശം, മാതൃഭൂമി പത്രത്തിലെ പി.കെ. മണികണ്ഠന്, ദേശാഭിമാനിയിലെ എം.പ്രശാന്ത്, മനോരമ പത്രത്തിലെ തോമസ് ഡൊമിനിക്, കേരള കൗമുദിയിലെ പ്രസൂണ്‍ കണ്ടത്ത് തുടങ്ങിയവരാണ് ആരോപണ വിധേയമായ കാലത്ത് യൂണിയന് നേതൃത്വം നല്‍കിയിരുന്നത്. അഴിമതി വിഷയം സംഘടനയില്‍ ആഭ്യന്തര കലഹത്തിനും ഇടയാക്കി. ഒരു വിഭാഗം സഹകരിക്കാതെ വിട്ടുനിന്നു. അന്വേഷണം വരുമെന്ന ഘട്ടത്തില്‍ ഭാരവാഹികള്‍ ഒന്നൊന്നായി രാജിവെച്ചു. വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയും പരിഗണനയിലാണ്. ആരോപണ വിധേയരായവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും ഇവരുമായി വിധേയത്വമുള്ളവരാണ് ഭാരവാഹികളായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹി ഘടകത്തിന് അനുവദിച്ച 25 ലക്ഷം രൂപ സംബന്ധിച്ചാണ് ആരോപണം ഉയര്‍ന്നത്.
തുക ചെലവഴിച്ചത് സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ ഡല്‍ഹി ഘടകത്തോട് ആവശ്യപ്പെട്ടിരുന്നതായി അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഈ കാലത്ത് സംഘടനക്ക് പ്രസിഡണ്ടും സെക്രട്ടറിയും ഇല്ലാതിരുന്നതിനാല്‍ ട്രഷറര്‍ ആണ് കത്ത് കൈപ്പറ്റിയത്. എന്നാല്‍ ഇതിന് മറുപടി നല്‍കിയില്ല. 2019 ഡിസംബറില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ ശേഷം നേരിട്ട് സംസാരിക്കുകയും ഡയറക്ടറേറ്റില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അറിയിക്കുകയും ചെയ്തു. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചതെന്നും വിനിയോഗ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന മുറക്ക് സമര്‍പ്പിക്കാമെന്നും സെക്രട്ടറി മറുപടി നല്കി. കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് തയ്യാറാക്കുകയാമെന്നും മാര്‍ച്ച് അവസാനം വരെ സമയം അനുവദിക്കണമെന്നും ഇതില്‍ ആവശ്യപ്പെട്ടു.
ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ച് മാര്‍ച്ച് 18ന് വീണ്ടും കത്ത് നല്കി മാര്‍ച്ച് 25നകം നേരിട്ടോ രജിസ്ട്രേഡ് തപാലിലോ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ ഇതിന് കെയുഡബ്ലുജെ തയ്യാറായില്ല. ആവശ്യത്തിന് സമയം അനുവദിച്ചിട്ടും വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ തികഞ്ഞ അലംഭാവം പ്രകടിപ്പിക്കുകയാണ് സംഘടന. സര്‍ക്കാര്‍ നല്കിയ ധനസഹായത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രൊപ്പോസലിന്റെ പകര്‍പ്പോ 25 ലക്ഷം അനുവദിച്ചതിന് മുന്നോടിയായി വിവിധ പദ്ധതികളുടെ കമ്പോണന്റ് സഹിതമുള്ള റിവൈസ്ഡ് പ്രൊപ്പോസലിന്റെ പകര്‍പ്പോ ഓഫീസില്‍ ലഭ്യമല്ലാത്തതിനാല്‍ മറ്റു രീതിയിലുള്ള അന്വേഷണം ഈ ഓഫീസ് മുഖേന സാധ്യമല്ല. ഈ സാഹചര്യത്തില്‍ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണെന്ന് അറിയിച്ച് മെയ് 27നാണ് ഡപ്യൂട്ടി ഡയറക്ടര്‍ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇതിന് ശേഷം ജൂണ്‍ 30ന് സെക്രട്ടറി സിദ്ദിഖ് കാപ്പന് കത്തും രേഖകളും ഹാജരാക്കി. തുടര്‍ന്ന് അപ്പോള്‍ ഡപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന് വീണ്ടും റിപ്പോര്‍ട്ട് അയച്ചു. ഇതിലും രേഖകള്‍ പൂര്‍മമായും നല്കാന് തയ്യാറായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. എക്സ്പെന്‍ഡിക്ചര്‍ സ്റ്റേറ്റ്മെന്റ് പ്രകാരം ഡിമാന്റ് ഡ്രാഫ്റ്റ് ഡല്‍ഹി ഘടകത്തിന്റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സമര്‍പ്പിച്ചിട്ടില്ല. ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ്, വിവിധ ബില്ലുകളുടെയും വൗച്ചറുകളുടെയും പകര്‍പ്പുകള്‍, തുക ക്രെഡിറ്റ് ചെയ്ത വര്‍ഷം മുതലുള്ള ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, വകുപ്പില്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ പകര്‍പ്പ് എന്നിവ ലഭ്യമാക്കിയിട്ടില്ല. ഏതെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കണമെന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് മാധ്യമ പ്രവര്‍ത്തകരുടെ മൂന്നംഗ സമിതി രൂപീകരിച്ചതായും ഇവര്‍ നല്കിയ ശുപാര്‍ശ ജനറല്‍ ബോഡി അംഗീകരിച്ചതായും പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചില്ല. വിശദമായ ഓഡിറ്റ് നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Discussion about this post