തൃശൂര്‍: തൃശൂര്‍ പ്രസ് ക്ലബിലെ സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ കെയുഡബ്ല്യൂജെ സംസ്ഥാന നിര്‍വാഹക സമിതി അംഗം ജിനേഷ് പൂനത്ത് തൃശൂര്‍ ജില്ലാ ട്രഷറര്‍ കെ.ജയേഷിനുമെതിരെ വിചിത്രമായ അച്ചടക്ക നടപടി. യൂണിയന് ബൈലോയില്‍ ഒരിടത്തുമില്ലാത്ത തരത്തില്‍ പദവികള്‍ മരവിപ്പിക്കുകയെന്ന കീഴ്വഴക്കമോ കേട്ടുകേള്‍വിയോ ഇല്ലാത്ത നടപടിയാണ് ഇരുവര്‍ക്കുമെതിരെ സ്വീകരിച്ചത്. ജിനേഷിന്റെ സംസ്ഥാന നിര്‍വാഹക സമിതിയിലെ അംഗത്വവും കെ.ജയേഷിന്റെ ട്രഷറര്‍, ജില്ലാ കമ്മിറ്റി അംഗത്വവും മരവിപ്പിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ക്കും സംഘടനാ സര്‍ക്കുലര്‍ അയച്ചു.
തൃശൂരിലെ സംഘടനാ പ്രശ്നം പരിശോധിച്ചു റിപ്പോര്‍ട്ടു നല്കാന് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നിഷ പുരുഷോത്തമന്, പി.വി.കുട്ടന്, സംസ്ഥാന ട്രഷറര്‍ പി.സുരേഷ്ബാബു എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ നിയോഗിച്ചു. അഞ്ചംഗ സമിതിയെ നിയോഗിക്കാനാണ് യോഗത്തില്‍ തീരുമാനിച്ചതെങ്കിലും സംസ്ഥാന സെക്രട്ടറി ശ്രീല പിള്ള, ബി.ജ്യോതികുമാര്‍ എന്നിവരെ ഒഴിവാക്കാന്‍ തീരുമാനിച്ചു. തൃശൂര്‍ പ്രസ് ക്ലബിലെ അഴിമതിക്കെതിരെ നിലപാടുണ്ടെന്ന പേരിലാണ് ഇവരെ ഒഴിവാക്കിയത്. ഫലത്തില്‍ ജില്ലാ സെക്രട്ടറിയുടെ അഴിമതികള്‍ ഒതുക്കിത്തീര്‍ത്ത് നടപടിയില്‍ നിന്ന് രക്ഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. അഴിമതി ആരോപണം ഉന്നയിച്ചവരെ കുടുക്കാനായി വനിതയായ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന വ്യാജപരാതിയാണ് കെട്ടിച്ചമച്ചു നടപടിയെടുക്കുന്നത്. വീക്ഷണത്തിലെ വിനീതയാണ് സെക്രട്ടറി.
ജിനേഷും ജയേഷും ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കാതെ അവര്‍ക്കെതിരെ വനിതയായ ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് അച്ചടക്ക നടപടിയെടുത്തിട്ടുള്ളത്. അതേ സമയം, ജിനേഷും ജയേഷും ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണ സമിതി പരിശോധിക്കുമെന്നും സര്‍ക്കുലറിലുണ്ട്. സംസ്ഥാന സമ്മേളനത്തിന്റെ വരവു ചെലവു കണക്കുകള്‍ പൂഴ്ത്തിവയ്ക്കുന്നതും ബൈലോയ്ക്കു വിരുദ്ധമായി ട്രഷററെ ഒഴിവാക്കി യൂണിയന് അക്കൗണ്ട് സെക്രട്ടറി മാത്രമായി കൈകാര്യം ചെയ്യുന്നതുമാണ് ചോദ്യം ചെയ്തിട്ടുള്ളത്. യൂണിയന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരസ്യപ്പെടുത്താനും സെക്രട്ടറി തയാറായിട്ടില്ല. തൃശൂരിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും സെക്രട്ടറിയുമായി നിസഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസ് ക്ലബ് പത്രസമ്മേളനങ്ങള്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്കരിക്കുന്നതും പതിവാകുന്നുണ്ട്.
Discussion about this post