കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ സിബിഐ കേസെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തില്‍ കേരളത്തില്‍ അഞ്ച് കേന്ദ്ര ഏജന്‍സികള്‍. സിബിഐക്ക് പുറമെ ഡയറക്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ് (പ്രിവന്റീവ്) ഡിവിഷന്, റോ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങ്) എന്നീ കേന്ദ്ര ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിഷയത്തില്‍ സംയുക്ത അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന വിലയിരുത്തലില്‍ പിന്നീട് എന്‍ഐഎയും കളത്തിലിറങ്ങി. ഇതിന് പിന്നാലെ കള്ളക്കടത്തും നികുതി വെട്ടിപ്പും അന്വേഷിക്കാന്‍ ഡിആര്ഐയുമെത്തി. സ്വത്ത് വിവരങ്ങളും ബിനാമി ഇടപാടുകളും പുറത്തുവന്നതോടെയാണ് ഇഡി രംഗത്തെത്തിയത്. റോയും ഐബിയും സമാന്തര അന്വേഷണം നടത്തുന്നതുണ്ട്. അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനകം പ്രധാന പ്രതികളായ സ്വപ്നയെയും സരിത്തിനെയും എന്‍ഐഎ അറസ്റ്റു ചെയ്തത് ഇവരുടെ സഹായത്തോടെയായിരുന്നു. ഏറ്റവും ഒടുവിലായി ഇപ്പോള്‍ സിബിഐയുമെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നേരിട്ടാണ് അന്വേഷണം വിലയിരുത്തുന്നത്.
സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമുള്ള അഴിമതിയാണ് ലൈഫ് മിഷനിലേത്. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് ഫോറിന് കോണ്ട്രിബ്യൂഷന് ആക്ടിന്റെ (2010) ലംഘനം നടന്നെന്ന പരാതിയിലാണ് നടപടി. പ്രാഥമികമായി വിദേശത്തുനിന്ന് വന്ന പണം അതിന്റെ ഉദ്ദേശത്തിന് വിരുദ്ധമായി ചെലവഴിച്ചതായുള്ള ആരോപണത്തിന്മേലാണ് കേസ്. കൊച്ചിയില്‍ പ്രത്യേക കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. പദ്ധതിക്കു വേണ്ടി പണം നല്കിയപ്പോള് ഒരു കോടി രൂപ കമ്മിഷന് കിട്ടിയെന്നു സ്വപ്ന മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിര്‍മാണക്കരാര്‍ ഒപ്പിട്ടത് യു.എ.ഇ. കോണ്‍സുലേറ്റും യൂണിടാകും തമ്മിലാണെന്ന രേഖ പുറത്തുവന്നിരുന്നു. ലൈഫ് മിഷന് സി.ഇ.ഒ.യും റെഡ് ക്രസന്റ് പ്രതിനിധികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ പറഞ്ഞതുപ്രകാരമല്ല ഉപകരാറുണ്ടാക്കിയത്.
Discussion about this post