തിരുവനന്തപുരം: പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് വാര്‍ത്താ ചാനല്‍ ബഹിഷ്കരിച്ച സിപിഎമ്മിന് ഓണ്‍ലൈനിലും അടിതെറ്റുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ മുന്‍ എംപിയും സിപിഎം ബുദ്ധിജീവിയുമായ എം.ബി. രാജേഷിന്റെ വീഡിയോക്ക് ലഭിച്ചത് ഇരട്ടിയിലേറെ ഡിസ്ലൈക്കുകള്. പിഎസ്സി നിയമന വിവാദത്തെ ന്യായീകരിച്ച് രാജേഷ് ചെയ്ത വീഡിയോയാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയത്. ഈ മാസം രണ്ടിന് പുറത്തുവിട്ട വീഡിയോക്ക് ഇന്ന് വൈകിട്ട് നാല് മണി വരെ നാല്‍പ്പത്തി രണ്ടായിരം ലൈക്ക് ലഭിച്ചപ്പോള്‍ ഡിസ്ലൈക്ക് ഇരട്ടി കടന്ന് എണ്‍പത്തി ആറായിരത്തിലെത്തി. പാര്‍ട്ടി ഗ്രൂപ്പുകളില്‍ പ്രചാരണം നടത്തി ലൈക്ക് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചിട്ടും പകുതി പോലും എത്താന്‍ സാധിച്ചില്ല. ഡിസ്ലൈക്ക് ഉടന്‍ തന്നെ ഒരു ലക്ഷം കടക്കുമെന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖമാണ് എം.ബി. രാജേഷ്.
സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ കടുത്ത പ്രതിരോധത്തിലായപ്പോഴാണ് മാധ്യമങ്ങള്‍ക്കെതിരെ പാര്‍ട്ടി രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ചാനല്‍ ഔദ്യോഗികമായി ബഹിഷ്കരിച്ച സിപിഎം മറ്റ് ചാനലുകള്‍ക്കെതിരെയും ആരോപണമുയര്‍ത്തി. അവതാരകരെ സമൂഹമാധ്യമങ്ങളില്‍ ആക്ഷേപിച്ചു. ഇതിന് പിന്നാലെയാണ് യൂ ട്യൂബ് ചാനല്‍ സിപിഎം സജീവമാക്കിയത്. യുവനേതാക്കളെ ഉപയോഗിച്ച് ട്രൂ സ്റ്റോറി എന്ന വീഡിയോ പരിപാടി ആരംഭിച്ചു. അവതാരകരുടെയും ഇതര രാഷ്ട്രീയ നേതാക്കളുടെയും ചോദ്യങ്ങള്‍ നേരിടേണ്ടെന്നതായിരുന്നു യൂ ട്യൂബിലെ ആശ്വാസം.
ഏറ്റവുമൊടുവിലായി സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ നിയമന വിവാദമാണ് ട്രൂ സ്റ്റോറിയുടെ പുതിയ ലക്കത്തില്‍ രാജേഷ് വിഷയമാക്കിയത്. പിഎസ്സി നിയമന വിവാദം – സത്യം പറയുന്ന രേഖകളും കണക്കുകളും എന്നതാണ് തലക്കെട്ട്. മാധ്യമ നുണകളുടെ വിമര്‍ശനം എന്ന വിശേഷണത്തോടെ തുടങ്ങുന്ന വീഡിയോ നിയമനം സംബന്ധിച്ച് മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നുണ പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. ഇതിനെ കണക്കുകളുടെയും രേഖകളുടെയും പിന്‍ബലത്തില്‍ തുറന്നുകാണിക്കുകയാണെന്നും രാജേഷ് അവകാശപ്പെടുന്നു. എന്നാല്‍ കണക്കുകളും രേഖകളും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലെന്നാണ് പ്രതികരണത്തില്‍നിന്നും വ്യക്തമാകുന്നത്. നേതാക്കളുടെ സ്വന്തക്കാര്‍ക്ക് അനധികൃതമായി നിയമനം നല്‍കുന്നതിലും പിഎസ്സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ജോലി ലഭിക്കാത്തതിലും കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. ഇയുവജനങ്ങളുടെ പ്രതിഷേധം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഡിസ്ലൈക്കിന്റെ എണ്ണം. ഉദ്യോഗാര്‍ത്ഥികള്‍ ഡിസ്ലൈക്ക് ക്യാമ്പയിന് നടത്തുകയാണെന്നാണ് സിപിഎം സൈബര്‍ പ്രവര്‍ത്തകരുടെ ആരോപണം. വീഡിയോക്ക് താഴെ നൂറ് കണക്കിന് കമന്റുകളും പാര്‍ട്ടിക്കും രാജേഷിനും എതിരായുണ്ട്. റാങ്ക് ഹോള്‍ഡേഴ്സിന് പിന്തുണയര്പ്പിക്കുന്നതാണ് ഭൂരിഭാഗം കമന്റുകളും. പാര്‍ട്ടിക്ക് പിന്തുണയുമായി കമന്റ് ബോക്സില്‍ പ്രവര്‍ത്തകര്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.
Discussion about this post