തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ല. ഒരു പ്രശ്നവും അദ്ദേഹത്തിനില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന് മാസ്റ്റര്‍. അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ല. അത് സിപിഎമ്മിന്റെ നിലപാടാണെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവെക്കുന്ന പ്രശ്നമില്ല. അന്വേഷണം നടക്കട്ടെ.
ഒന്നും മറച്ചുവെക്കാനില്ല. എന്‍.ഐ.എ വിളിപ്പിച്ചു അദ്ദേഹം പോയി. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം നേതാവ്. സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ട ആള് കേന്ദ്ര മന്ത്രി വി.മുരളീധരനാണ്. അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടല്ല നടന്നത് എന്നാണെന്നും സിപിഎം നേതാവ് പറഞ്ഞു.
സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ചൂണ്ടിക്കാട്ടി. മന്ത്രി കെ.ടി. ജലീല്‍ എന്‍.ഐ.എയുടെ ചോദ്യംചെയ്യലിന് വിധേയമാകുന്ന സാഹചര്യത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ രാജിവെക്കണം. മുഖ്യമന്ത്രിതന്നെ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുന്നു. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കുകയാണ് വേണ്ടതെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
സ്വര്ണക്കടത്തുകാരമായുള്ള ബന്ധം, വിശുദ്ധഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയതിന് ജലീല്‍ സഹായിച്ചോ എന്നിങ്ങനെയുള്ള ഗൗരവമേറിയ ചോദ്യങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലുള്ളത്. ജലീലിന് മന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ല. കേസെടുത്താലും ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന സി.പി.എമ്മിന്റെ നിലപാട് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണെന്നും സുരേന്ദ്രന് പറഞ്ഞു.
സര്‍ക്കാരിലേയ്ക്കും മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന ഭയമാണ് സി.പി.എമ്മിനെ വേട്ടയാടുന്നത്. ജലീല്‍ രാജിവെക്കേണ്ടിവന്നാല്‍ മന്ത്രിസഭയിലെ പല അംഗങ്ങള്‍ക്കും രാജിവെക്കേണ്ടിവരും എന്ന തിരിച്ചറിവുകൊണ്ടാണ് സിപിഎം ജലീലിനെ സംരക്ഷിക്കുന്നത്. അധികാരത്തില്‍ തുടരാനുള്ള ധാര്‍മികതയും നൈതികതയും പിണറായി വിജയന് സര്‍ക്കാരിന് നഷ്ടപ്പെട്ടു. സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ രാജിവെക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
Discussion about this post