കോഴിക്കോട്: മാതൃഭൂമി പത്രവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അര്‍ബന്‍ നക്സല്‍ നേതാവ് കെ.അജിത. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എഴുപതാം പിറന്നാളിന് പത്രം പ്രത്യേക പതിപ്പ് ഇറക്കിയതാണ് അജിതയെ പ്രകോപിപ്പിച്ചത്. ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോള്‍ നരേന്ദ്രമോഡിയാണ്. ഇതിനേക്കാള്‍ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ. അജിത ചോദിച്ചു. നേരത്തെ കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ നേതാവായിരുന്ന അജിത ഇപ്പോള്‍ അര്‍ബല്‍ നക്സല്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് മേല്‍നോട്ടം വഹിക്കുന്നത്. ഇടത്-മുസ്ലിം തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അവര്‍ക്ക് മുഖ്യധാരയില്‍നിന്ന് സഹായങ്ങള്‍ ലഭ്യമാക്കുകയാണ് പ്രധാന പ്രവര്‍ത്തനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ മാതൃഭൂമി പത്രാധിപര്‍ക്ക്,
കേരളത്തിലെ അസംഖ്യം മാതൃഭൂമി വായനക്കാരിലൊരാള്‍ എന്ന നിലയിലാണ് ഈ കത്ത്. ഞാന്‍ കോഴിക്കോട് ജനിച്ചുവളര്‍ന്ന ഒരു വ്യക്തിയാണ്. എന്നെ സംബന്ധിച്ച് കുട്ടിക്കാലം മുതല്‍ വായിച്ചും വസ്തുനിഷ്ഠമായ വാര്‍ത്തകള്‍ക്ക് വിശ്വസിച്ചും ആശ്രയിച്ചും വന്നിട്ടുള്ള ജീവിതത്തിന്റെ ഒരു ഭാഗമാണ് മാതൃഭൂമി ദിനപത്രം. പല സമരങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. എന്നാലും മാതൃഭൂമിയുമായുള്ള എന്റെ ബന്ധം പൂര്‍ണമായും ഞാന്‍ വിച്ഛേദിച്ചിരുന്നില്ല. ഈ അടുത്ത് മാതൃഭുമി പത്രത്തെ ബഹിഷ്ക്കരിക്കാനുള്ള പ്രസ്ഥാനം തന്നെ ഉണ്ടായിരുന്നു. എന്റെ ജീവിത പങ്കാളി ടി.പി.യാക്കൂബ് എത്ര തവണയാണ് മാതൃഭൂമിയുടെ സംഘപരിവാര്‍ ചായ്വുള്ള വാര്‍ത്തകള്‍ വായിച്ച് ഈ പത്രം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ അന്നും എനിക്ക് അത് തോന്നിയിട്ടില്ലായിരുന്നു.
ഇന്നലത്തെ പത്രമാണ് മാതൃഭൂമിയുമായുള്ള ബന്ധം ഇനി ഒരു നിമിഷം പോലും തുടരേണ്ടെന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്. ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോള്‍ നരേന്ദ്രമോഡിയാണ്. എങ്കില്‍ സവര്‍ക്കറും ഗോദ്സേയും ആ പത്രത്തിന് ഇനി മുതല്‍ ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം.ഹാ കഷ്ടം! ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ ജനിച്ച പത്രവും അതിന്റെ ചുക്കാന്‍ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ ജീര്‍ണത എത്ര ആഴമേറിയതാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.ഇതിനേക്കാള്‍ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടി.വി.കാണുകയുമല്ലേ.
ഇന്ത്യയെ ഒരു സവര്‍ണ ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള പദ്ധതികള്‍ ഓരോ ദിവസവും നമ്മുടെ മേല്‍ അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന, ഗുജറാത്തിലെ വംശഹത്യ മുതല്‍ ആരംഭിച്ച ആ തേരോട്ടത്തില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജനാധിപത്യ മതേതര ബഹുസ്വര മൂല്യങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ഇത്തരം മുഖ്യധാരാപത്രങ്ങളെ ആശ്രയിക്കേണ്ടതില്ല എന്ന് ഉറപ്പായ ഈ നിമിഷം ചരിത്രത്തിന്റെ ഒരു ഇരുണ്ട മുഹൂര്‍ത്തം തന്നെ. ഇത്തരം മൂല്യങ്ങളോട് ഒരിക്കലും സന്ധി ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല.
https://www.facebook.com/ajitha.anweshi/posts/3618415731523798
Discussion about this post