ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതിയുടെ ആദ്യ സംഘം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. കൂടുതല്‍ പ്രവര്‍ത്തകര്‍ വരും മണിക്കൂറുകളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ അണിചേരും.
മഴക്കെടുതികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും സേവാഭാരതി പുറത്തിറക്കി. 9207119555, 8330083324 എന്നിവയാണ് സ്റ്റേറ്റ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഇതിന് പുറമെ ജില്ലകള്‍ക്കും സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളുണ്ട്. മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏതാവശ്യങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെട്ട് സഹായം തേടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞാണ് വന്‍ദുരന്തമുണ്ടായത്. പതിനൊന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 58 പേര് കുടുങ്ങിക്കിടക്കുന്നതായി ദേവികുളം സബ്കളക്ടര്‍ പ്രേം കൃഷ്ണന് അറിയിച്ചു. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പളനിയമ്മ(50), ദീപന്(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരാണ് ഇവരില്‍ ചിലര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. മൂന്ന് ലൈനുകളിലായി 85 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനും ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.
മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയില്‍ കവിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങള്‍ ഉള്ളതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.
https://www.facebook.com/sevabharathiKeralam01/posts/675522486371823
Discussion about this post