കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ വരുതിയിലാക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സുരേന്ദ്രന് സുരക്ഷാ ഭീഷണിയുണ്ടെന്നും ഗണ്‍മാനെ അനുവദിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. കേരള പോലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ലെന്ന് സുരേന്ദ്രന് വ്യക്തമാക്കി. എന്‍ഐഎയും സിബിഐയും അടക്കം ഏഴ് കേന്ദ്ര ഏജന്‍സികളാണ് സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷിക്കുന്നത്. ഇത്രയേറെ ഏജന്‍സികള്‍ കേരളത്തിലെത്തിയതില്‍ ബിജെപിക്കും സുരേന്ദ്രനും പങ്കുണ്ടെന്നാണ് സര്‍ക്കാരും സിപിഎമ്മും കരുതുന്നത്. നിരന്തരം സമരങ്ങളുമായി സുരേന്ദ്രന് തലവേദനയാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഗണ്‍മാനെ നിയമിച്ച് അതിലൂടെ സുരേന്ദ്രന്റെ നീക്കങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ശ്രിക്കുന്നത്.
സുരേന്ദ്രന് ഉള്‍പ്പെടെയുള്ള ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും നേതാക്കള്‍ക്ക് മുസ്ലിം ഭീകരവാദികളില്നിന്നും ഭീഷണിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കനകമലയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരര്‍ ഈ നേതാക്കളെ ലക്ഷ്യമിട്ടതായും കണ്ടെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സിആര്‍പിഎഫ് സുരക്ഷ വാഗ്ദാനം ചെയ്തെങ്കിലും നേതാക്കള്‍ നിരസിക്കുകയായിരുന്നു. അപ്പോഴൊന്നും ഇടപെടാതിരുന്ന സംസ്ഥാന ഇന്റലിജന്റ്സ് ഇപ്പോള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തി രംഗത്തുവന്നത് സംശയത്തോടെയാണ് ബിജെപി നേതൃത്വം കാണുന്നത്. സുരേന്ദ്രനുള്ള മറുപടി പത്രസമ്മേളനത്തില്‍ അല്ല നല്‍കുകയെന്ന് ഭീഷണിയുടെ സ്വരത്തില്‍ ഏതാനും ദിവസം മുന്‍പ് മുഖ്യമന്ത്രി പരസ്യമായി മുന്നറിയിപ്പ് നല്കിയതും പാര്‍ട്ടി ചേര്‍ത്തുവായിക്കുന്നുണ്ട്.
സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സുരക്ഷ നല്‍കേണ്ടി വരുമെന്നും എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കയ്യില്‍ കിട്ടിയിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ഐ.പി.എസ് പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രനും പറഞ്ഞു. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ല. കേരള പോലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ലെന്നും ഇതില്‍ കൂടുതല്‍ സുരക്ഷ തനിക്ക് ജനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുമെന്നും കെ.സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
Discussion about this post