കൊച്ചി: ക്രൈസ്തവ സന്യാസിനികളെ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് കന്യാസ്ത്രീ. കഴിഞ്ഞവര്‍ഷം ക്രൈസ്തവ സന്യാസിനികള്‍ നൂറില്‍പരം പോലീസ് സ്റ്റേഷനുകളില്‍ കേസ് ഫയല്‍ ചെയ്തിരുന്നുവെന്നും ആ ഫയലുകളൊക്കെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഏതോ മൂലയില്‍ പൊടി പിടിച്ച് ഇരിപ്പുണ്ടെന്നും സിസ്റ്റര്‍ സോണിയ തെരേസ് ചൂണ്ടിക്കാട്ടി. ഞങ്ങളും സ്ത്രീകളാണ്. പക്ഷേ ഞങ്ങളെ നിന്ദിക്കുന്നവര്‍ക്ക് നേരെ ഞങ്ങള്‍ കൈ ഉയര്‍ത്താറില്ല. കരിഓയില്‍ ഒഴിക്കാറില്ല. തെറി വിളിക്കാറില്ല. മാന്യമായ ഭാഷയില്‍ പ്രതികരിക്കും. നിയമപരമായി നീതിക്ക് വേണ്ടി പല വാതിലുകളും മുട്ടും. ദൗര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഇന്ന് വരെ നീതി ലഭിച്ചിട്ടില്ല. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കാര്യങ്ങളൊക്കെ അറിഞ്ഞോ എന്നറിയില്ല. അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്മരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ… അങ്ങയുടെ ഈ വാക്കുകള്‍ കേരളത്തിലെ സ്ത്രീസമൂഹത്തിന് കുറച്ചൊന്നുമല്ല ആശ്വാസം പകര്‍ന്നു തന്നത്. വളരെ നല്ല തീരുമാനം… അഭിനന്ദനങ്ങള്‍…
പക്ഷേ അങ്ങയോട് ചില കാര്യങ്ങള്‍ ഒന്നു തുറന്നു ചോദിച്ചോട്ടെ… സ്ത്രീകള്‍ എന്നു പറഞ്ഞാല്‍ കേരളത്തിലെ എല്ലാവരെയും ആണോ അങ്ങ് ഉദ്ദേശിച്ചത്? അതോ അവിടെയും ചില വേര്‍തിരിവുകള്‍ ഉണ്ടോ? കൈ മിടുക്ക് കാട്ടുന്നവര്‍ മാത്രമാണോ അങ്ങയുടെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍? കാരണം പറയാം, കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ക്രൈസ്തവ സന്യാസിനികളെ കേരളത്തിലെ ചിലര്‍ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും വിശേഷണങ്ങളും നല്കി അവഹേളിച്ചപ്പോഴും, അനുവാദം കൂടാതെ ക്രൈസ്തവ സന്യസ്തരുടെ ഫോട്ടോകളെടുത്ത് വൃത്തികേടുകള്‍ എഴുതി പിടിപ്പിച്ച് അവര്‍ ആത്മസംതൃപ്തി അടഞ്ഞപ്പോഴും, യൂട്യൂബില്‍ കൂടി മറ്റുചിലര്‍ ഞങ്ങളെ നീചമായ രീതിയില്‍ നിന്ദിച്ചപ്പോഴും അങ്ങേയ്ക്ക് ഞങ്ങളിലെ സ്ത്രീത്വത്തെ കാണാന്‍ പറ്റാതെ പോയതില്‍ ഞങ്ങള്‍ക്ക് ഏറെ ഖേദം തോന്നുന്നു…
സര്… അങ്ങ് ഞങ്ങളെ തെറ്റിദ്ധരിച്ചുവെങ്കില്‍ ഒരു കാര്യം തുറന്നു പറയാം: ക്രൈസ്തവ സന്യാസിനികളെ വെച്ച് പൈങ്കിളിക്കഥ മെനയുന്ന കഥാകൃത്തുക്കളുടെ സിനിമകളിലെയും രചനകളിലെയും നായികമാരില്‍ നിന്ന് ഞങ്ങള്‍ ഒത്തിരി വ്യത്യസ്തരാണ്… യഥാര്‍ത്ഥ ക്രൈസ്തവ സന്യാസിനികള്‍ സ്ത്രീകളാണ്… ഒപ്പം അമ്മമാരാണ്… സഹോദരിമാരാണ്… മക്കളാണ്… തെറ്റിദ്ധരിക്കേണ്ട, ഞങ്ങള്‍ അമ്മമാര്‍ തന്നെയാണ്… പ്രസവിച്ചിട്ടില്ലെങ്കിലും പാലൂട്ടിയിട്ടില്ലെങ്കിലും ഞങ്ങള്‍ അമ്മമാര്‍ തന്നെ.. എങ്ങനെയെന്നോ…? പറയാം… സമൂഹവും പ്രിയപ്പെട്ടവരും പടിയടച്ച് പുറന്തള്ളിയവരെ മാതൃ വാത്സല്യവും കരുതലും കൊണ്ട് നിറവും ജാതിയും മതവും ഭാഷയും നോക്കാതെ സ്നേഹത്തില്‍ പൊതിയുന്ന ഒരു കൂട്ടം അമ്മമാര്‍… മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് ഞങ്ങള്‍ സ്വന്തം മക്കളാണ്… സഹോദരങ്ങള്‍ക്ക് വേണ്ടാത്തവര്‍ക്ക് ഞങ്ങള്‍ സ്വന്തം സഹോദരിമാര്‍ ആണ്… കരുതലിന്റെ കാവല്‍ക്കാരാണ്…
ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട ശൈലജ ടീച്ചറോടും ഒരു വാക്ക്: ടീച്ചര്‍… ഞങ്ങള്‍ ക്രൈസ്തവ സന്യസ്തരും സ്ത്രീകളാണ്… മനുഷ്യരാണ്… ഞങ്ങളുടെ ഹൃദയങ്ങളും മാംസളമാണ്… നിന്ദനങ്ങള്‍ ഏല്ക്കുമ്പോള് ഞങ്ങളുടെ ഹൃദയവും വേദനിക്കാറുണ്ട്. മനുഷ്യ വ്യക്തികളുടെ ആരോഗ്യം ശാരീരികം മാത്രമാണെന്ന് ധരിച്ചാല്‍ തെറ്റാണ് കേട്ടോ… മാനസികമായ ആരോഗ്യത്തെ കൂടി ടീച്ചര്‍ ഒന്നു പരിഗണിച്ചേക്കണം… കഴിഞ്ഞദിവസം സിനിമാ മേഖലയിലുള്ള ചില സ്ത്രീകള്‍ വേദനിച്ചു കൊണ്ട് പറയുന്ന ചില വാക്കുകള്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും… അങ്ങനെയെങ്കില്‍ കേരളത്തിലെയും ഇന്ത്യയുടെയും ഓരോ കോണിലും ഉള്ള കോണ്‍വെന്റുകളിലെ ഒരു ലക്ഷത്തില്‍പരം ക്രൈസ്തവ സന്യസ്തരുടെ വേദനയും ആത്മരോഷവും ഒരു ചാനലുകളും സോഷ്യല്‍ മീഡിയയും ഒപ്പിയെടുത്തിട്ടില്ല എന്നോര്‍ക്കണം…
കഴിഞ്ഞമാസം ഒരു മാധ്യമപ്രവര്‍ത്തകയെ ആരോ മോശമായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് എന്തായിരുന്നു ബഹളം കേരളത്തിലെ മിക്ക ചാനലുകളും സോഷ്യല്‍ മീഡിയയും എത്ര മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ നടത്തി! അതില്‍ ഏറ്റവും വിരോധാഭാസം ഈ മാധ്യമപ്രവര്‍ത്തകയും ചര്‍ച്ച നടത്തിയ ചാനലുകളും തന്നെ ഞങ്ങള്‍ കൈസ്തവ സന്യാസിനികളെ തലങ്ങും വിലങ്ങും അധിക്ഷേപിച്ചവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നു എന്നതാണ്…
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഞങ്ങളും സ്ത്രീകളാണ്… പക്ഷേ ഞങ്ങളെ നിന്ദിക്കുന്നവര്‍ക്ക് നേരെ ഞങ്ങള്‍ കൈ ഉയര്‍ത്താറില്ല… കരിഓയില്‍ ഒഴിക്കാറില്ല… തെറി വിളിക്കാറില്ല… മാന്യമായ ഭാഷയില്‍ പ്രതികരിക്കും. അതുപോലെ തന്നെ നിയമപരമായി നീതിക്ക് വേണ്ടി പല വാതിലുകളും മുട്ടും. ദൗര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഇന്ന് വരെ നീതി ലഭിച്ചിട്ടില്ല. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കാര്യങ്ങളൊക്കെ അറിഞ്ഞോ എന്നറിയില്ല. ഞങ്ങളെ വളരെ മോശമായി ചിത്രീകരിച്ച ചില വ്യക്തികള്‍ക്കെതിരെ നടപടി എടുക്കണം എന്ന് പറഞ്ഞ് കഴിഞ്ഞവര്‍ഷം ക്രൈസ്തവ സന്യാസിനികള്‍ നൂറില്‍പരം പോലീസ് സ്റ്റേഷനുകളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. പക്ഷേ ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ ഫയലുകള്‍ ഒക്കെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഏതോ മൂലയില്‍ പൊടി പിടിച്ച് ഇരിപ്പുണ്ട്.
സെപ്റ്റംബര്‍ മാസത്തിലെ ആദ്യദിനങ്ങളില്‍ യൂട്യൂബില്‍ സാമുവല്‍ കൂടല്‍ എന്ന മനുഷ്യന് ‘കത്തനാരന്മാരുടെ വെപ്പാട്ടികളെ അടങ്ങൂ, പന തരാം’ എന്നു പറഞ്ഞ് ഒരു വീഡിയോ ഇട്ടിരുന്നു. ഇത്രയ്ക്കും നീചമായി ക്രൈസ്തവ സന്യാസിനികളെ നിന്ദിക്കുന്ന ഒരു മനുഷ്യ ജന്മത്തെ ഞങ്ങള്‍ ഇതുവരെയും കണ്ടിട്ടില്ല. ‘അയാളെ തേടിപ്പിടിച്ച് രണ്ടെണ്ണം പൊട്ടിക്കട്ടെ’ എന്ന് ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ ഞങ്ങളോട് ചോദിച്ചതാണ്… പക്ഷേ കൈ പ്രയോഗം വേണ്ട, നിയമപരമായി ഞങ്ങള്‍ തന്നെ അയാളെ നേരിട്ടോളാം എന്ന് പറഞ്ഞ് ഞങ്ങള്‍ ക്രൈസ്തവ സന്യാസിനികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. വെറും പോലീസ് സ്റ്റേഷനുകളില്‍ മാത്രമല്ല, വനിതാകമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും, സിറ്റി പോലീസ് കമ്മീഷണര്‍, എസ് പി, ഡി വൈ എസ് പി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഞങ്ങളില്‍ ചിലര്‍ പരാതി കൊടുത്തിരുന്നു…
ഇന്ത്യയിലെയും കേരളത്തിലെയും നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ നിഷ്കളങ്കമായി വിശ്വസിച്ചു പോയത് സത്യത്തില്‍ ഞങ്ങള്‍ ചെയ്ത ഒരു വലിയ തെറ്റാണ്… സെപ്റ്റംബര്‍ ഏഴിന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ക്രൈസ്തവ സന്യസ്തര്‍ കേസ് ഫയല്‍ ചെയ്ത വിവരം അങ്ങ് അറിഞ്ഞു കാണാതിരിക്കില്ല… കാരണം കേരളചരിത്രത്തിലെ ആദ്യത്തെ സംഭവം ആയിരിക്കാം ഒരു ദിവസം തന്നെ ഒരു വ്യക്തിക്കെതിരെ 160 ഓളം കേസുകള്‍ ഫയല്‍ ചെയ്തത്.
20 ദിവസം പിന്നിട്ടിട്ടും ഇന്നുവരെ ഒരു പരാതിയില്‍ പോലും എഫ്ഐആര്‍ തയ്യാറാക്കാനോ കേസ് അന്വേഷിക്കാനോ അങ്ങയുടെ കീഴിലുള്ള പോലീസ് അധികാരികള്‍ ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ല. ഈ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കുന്നത് സത്യത്തില്‍ കേരള സമൂഹത്തിലെ സ്ത്രീകളോട് വേര്‍തിരിവ് കാട്ടുന്നു എന്ന പച്ചയായ സത്യം അല്ലേ? ഞങ്ങള്‍ മൗനം പാലിച്ചതുകൊണ്ടും കൈമിടുക്ക് കാട്ടാത്തതുകൊണ്ടും അല്ലേ പലരും ഞങ്ങളുടെ മാനാഭിമാനത്തെ സമൂഹ മധ്യത്തില്‍ ഇട്ട് ഇങ്ങനെ പിച്ചിച്ചീന്തുന്നത്?
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ക്രൈസ്തവ സന്യാസിനികളായ ഞങ്ങളും അന്തസ്സുള്ള സ്ത്രീകള്‍ തന്നെയാണ്. ‘ഇന്ത്യന്‍ പൗരന് ആയതുകൊണ്ട് എനിക്ക് എന്തും പറയാന്‍ അവകാശമുണ്ട്’ എന്ന് പറയുന്നവരോട് ആ അവകാശം ഒരാളെ അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികളെ അല്ലെങ്കില്‍ ഒരു സമൂഹത്തെക്കുറിച്ച് ഇല്ലാത്തത് പറയാനുള്ള സ്വാതന്ത്ര്യം അല്ല എന്ന് ഒന്ന് വ്യക്തമാക്കി കൊടുക്കാന്‍ അങ്ങേയ്ക്കും അങ്ങയുടെ ഗവണ്മെന്റിനും പറ്റുമോ? ഒരു സ്ത്രീയെ കുറിച്ച് മാത്രമല്ല, മറിച്ച് നമ്മുടെ സമൂഹത്തിലുള്ള ഒരു വ്യക്തിയെക്കുറിച്ച് പോലും ഇല്ലാ വചനങ്ങള്‍ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും ഇടവരരുത്… അതിനുള്ള നിയമ നിര്‍മ്മാണവും നടപടികളും ഗവണ്മെന്റ് ചെയ്തില്ലെങ്കില്‍ ഇനിയും കേരളത്തില്‍ അനേകായിരം സ്ത്രീകള്‍ തങ്ങളെ നിന്ദിക്കുന്നവര്‍ക്ക് നേരെ കൈകള്‍ ഉയര്‍ത്തുന്നതും കരിഓയില്‍ പ്രയോഗം നടത്തുന്നതും ഒരു തുടര്‍ക്കഥയായി മാറും.
സ്നേഹപൂര്‍വ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ
NB: ഈ കന്യാസ്ത്രീക്ക് വേറെ തൊഴില്‍ ഇല്ലേ എന്ന് ചോദിച്ച് ആരും വരണ്ട. ഞാന്‍ ഒരു പൊന്തിഫിക്കല്‍ കോണ്‍ഗ്രിഗേഷനിലെ അംഗമാണ്. എന്റെ മദര്‍ ജനറാളിന്റെ പ്രത്യേക അനുവാദം വാങ്ങി തന്നെയാണ് ഞാന്‍ സന്യസ്തര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത്. സന്യസ്തരായ ഞങ്ങള്‍ അല്ലെങ്കില്‍ പിന്നെ ആരാണ് ഞങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുക. അതുകൊണ്ട് ആരും പരാതിയും പരിഭവവും ആയി എങ്ങും പോകണ്ട എന്ന് സ്നേഹപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു.
https://www.facebook.com/soniyakuruvila.mathirappallil/posts/792360758223872
Discussion about this post