കണ്ണൂര്‍: ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന് പി.ശശി ബിജെപിയില്‍ ചേര്‍ന്നതിന്റെ ഞെട്ടലിലാണ് സിപിഎം. പാര്‍ട്ടി കുടുംബത്തിലെ അടിയൊഴുക്കും അതൃപ്തിയും തിരിച്ചറിയാന്‍ നേതൃത്വത്തിന് സാധിച്ചില്ല. അണികള്‍ക്കിടയിലും അസ്വാരസ്യം പുകയുകയാണ്. പുഷ്പനെത്തന്നെ മുന്‍നിര്‍ത്തി സഹോദരന്റെ ബിജെപി പ്രവേശനം പ്രതിരോധിക്കുകയാണ് പാര്‍ട്ടി. പുഷ്പന്റെ വൈകാരികമായ വാക്കുകളിലൂടെ യഥാര്‍ത്ഥ വിഷയങ്ങള്‍ മൂടിവെക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. പുഷ്പനെ ശയ്യാവലംബിയാക്കിയ എം.വി. രാഘവന്റെ മകന് നികേഷിനെ സിപിഎം പിന്തുണക്കുന്നതാണ് പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് ശശി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നത്.
സിപിഎം വിടുന്നവര്‍ക്കെതിരെ സ്ഥിരമായി പാര്‍ട്ടി ഉയര്‍ത്തുന്ന ആരോപണങ്ങളാണ് പുഷ്പനും പറയുന്നത്. സഹോദരന് മദ്യപാനിയും ചീട്ടുകളിക്കാരനുമാണെന്ന് പുഷ്പന് പറയുന്ന വീഡിയോ അണികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മദ്യപാനവും ചീട്ടുകളിയുമാണ് ശശിയേട്ടനെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നും നിരന്തരമായ മദ്യപാനവും ചീട്ടുകളിയും കാരണം കുടുംബത്തിലും നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നും പുഷ്പന് അവകാശപ്പെടുന്നു. പുഷ്പന്റേതെന്ന പേരില്‍ സിപിഎം ഇറക്കിയ പ്രതികരണവും പ്രചരിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയില്‍നിന്നും രാജിവെക്കുന്നവര്ക്കെതിരെ സ്വഭാവദൂഷ്യം പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്ന സ്ഥിരം കാപ്സ്യൂള്‍ സിപിഎം ഉപേക്ഷിച്ചിട്ടില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ പരിഹാസം.
https://www.facebook.com/Adv.prakashbabu/posts/3355988534523816
സിപിഎം പ്രചരിപ്പിക്കുന്ന പുഷ്പന്റെ പ്രതികരണം
ഇതും ഞാന്‍ അതിജീവിക്കും
പ്രിയപ്പെട്ട സഖാക്കളെ,
ഈ വേദനയും എന്നെ കടന്നു പോകും കാല് നൂറ്റാണ്ടില്‍ അധികമായി ഞാന്‍ അനുഭവിക്കുന്നതില്‍ കൂടുതലൊന്നുമല്ലല്ലൊ ഇത്.
സഖാക്കളെ നിങ്ങളുടെ സ്നേഹവും അടുപ്പവുമാണ് എന്റെ കരുത്ത് അതുകൊണ്ട് ബി.ജെ.പി യുടെ ഈ കള്ളകഥകള്‍ കുത്തിയിറക്കുന്ന ഈ വേദനയും എന്നെ കടന്നു പോവുക തന്നെ ചെയ്യും.
നമ്മുടെ പ്രസ്ഥാനത്തില്‍ നിന്നും സഹോദരന് എന്നല്ല ആര് വേര്‍പിരിഞ്ഞാലും അത് വേദനാജനകം തന്നെയാണ്. എന്നാല്‍ എങ്ങനെ വേര്‍പിരിഞ്ഞു എന്നു കൂടി അറിയണമല്ലോ?
എന്നേ കുടുംബവുമായി ഒരു ബന്ധവുമില്ലാതെ അകന്നു കഴിയുന്ന ഈ സഹോദരനെ ചാരി സി പി ഐ എമ്മിനും എനിക്കുമെതിരെ കള്ളക്കഥ മെനയുകയാണ്
ബിജെപി.നാണംകെട്ട ഒരു പാര്‍ട്ടിക്ക് മാത്രമേ ഇത്രയും ചെറുതാനാകൂ.
നിങ്ങള്‍ ഒരു പാട് പേരുടെ ആശങ്കാജനകമായ അന്വേഷണങ്ങള്‍ എന്തുകൊണ്ടാ ണെന്നും എനിക്കറിയാം.
ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരനും ബി ജെ പിയുടെ ഭാഗമായി എന്ന കള്ളപ്രചരണം തന്നെ ആ പാര്‍ട്ടിയുടെ ഗതികേടാണ്. അവര്‍ക്ക് മാത്രമേ കുടുംബ പ്രശ്നങ്ങള്‍ക്ക് ഇങ്ങനെ രാഷ്ട്രീയ മാനം നല്കാന് കഴിയൂ.ഏറെക്കാലമായി അകന്നു കഴിയുന്ന സഹോദരന്റെ സമീപകാല അവസ്ഥയില്‍ ഞാനേറെ ദു:ഖിതനുമാണ്. വളരെ യോജിപ്പോടെ കഴിഞ്ഞ ഞങ്ങള്‍ക്ക് തന്നെ
ശശിയേട്ടന് സ്വന്തം പെരുമാറ്റ വൈകല്യങ്ങള്‍ കാരണം ഉണ്ടാക്കിയ മനോവിഷമങ്ങള്‍ ചെറുതല്ല.
വളരെക്കാലമായി വീടുമായി ഒരു ബന്ധവും ഏട്ടനില്ല. സ്വന്തം വീട്ടുകാര്യങ്ങള്‍ ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരുന്നത് തന്നെ വലിയ വേദനയാണ്. അതിലും എത്രയോ വലിയ ശാരീരിക വേദനകളിലൂടെയാണ് എന്റെ ഇക്കാലമത്രയും ഉള്ള യാത്രകള്‍?
വീട്ടിലെ കാര്യങ്ങള്‍ ഇങ്ങനെ ഒരു പോസ്റ്റിലൂടെ സഖാക്കളോട് പറയേണ്ടി വന്നതാണ് എന്റെ കൂടെയുള്ള ഈ വേദനകളേക്കാളും വലിയ വേദന.
വീട്ടിലും കുടുംബത്തിലും നടന്ന പ്രധാന ചടങ്ങുകളില്‍ നിന്നെല്ലാം വളരെക്കാലമായി ശശിയേട്ടന് മാറി നില്‍ക്കുകയാണ്. കുടുംബത്തില്‍ നിന്നകലാന്‍ കാരണം അദ്ദേഹത്തിന്റെ
സ്വഭാവ വൈകല്യങ്ങളാണ്. സ്വന്തം മകന് ഷിബിനിനെതിരെ തന്നെ ചൊക്ലി പൊലീസ് സ്റ്റേഷനില്‍ കള്ള പരാതി നല്കി എന്നതില്‍ നിന്നു തന്നെ ശശിയേട്ടന് കുടുംബത്തില്‍ എത്ര മാത്രം സ്വീകാര്യനായിരുന്നുവെന്ന് നിങ്ങള്‍ക്ക് മനസിലാക്കാമല്ലോ?
സഹോദരങ്ങളായ രാജനും പ്രകാശനും എതിരായി
ചൊക്ലി പൊലീസ് സ്റ്റേഷനില്‍ ശശിയേട്ടന് വ്യാജ പരാതികള്‍ നല്കി കുടുംബത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. സഹോദരന് എന്ന പരിഗണനയില്‍ ഇതെല്ലാം വേദനയോടെ സഹിക്കുകയായിരുന്നു ഞങ്ങള്‍.കൂടാതെ വീട്ടില്‍ നിരന്തരം പ്രശ്നങ്ങളും ഉണ്ടാക്കി. സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഭാഗം വയ്ക്കുന്നതില്‍ ഉന്നയിച്ച ഇദ്ദേഹ ത്തിന്റെ അന്യായമായ അവകാശവാദങ്ങളെ എല്ലാ സഹോദരങ്ങളും ശശിയേട്ടന്റെ തന്നെ മക്കളും എതിര്‍ത്തതാണ്.
ചീട്ടുകളിച്ച് ഈ സ്ഥലവും വില്‍ക്കാതിരിക്കാനാണ് അവകാശവാദങ്ങള്‍ അംഗീകരിക്കാതിരുന്നത്. മദ്യപാനവും ചീട്ടുകളിയുമാണ് ശശിയേട്ടനെ ഈ അവസ്ഥയില്‍ എത്തിച്ചത്. നിരന്തരമായ മദ്യപാനവും ചീട്ടുകളിയും കാരണം കുടുംബത്തിലും നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ചീട്ട് കളി കാരണം രണ്ട് സ്ഥലമാണ് വിറ്റത്. ചീട്ട് കളിക്കാന്‍ പണം കയ്യില്‍ ഇല്ലെങ്കില്‍ വല്ലാത്ത വിഭ്രാന്തിയായിരുന്നു ശശിയേട്ടന്|ഇത് കുടുംബത്തില്‍ സൃഷ്ടിച്ച പ്രയാസങ്ങള്‍
ഭീകരമായിരുന്നു.
എത്ര തവണ ബന്ധുക്കളും പാര്‍ട്ടിക്കാരും നേര്‍വഴി നയിക്കാന്‍ ശ്രമിച്ചുവെന്നറിയാമോ? എല്ലാം നിഷ്ഫലം. മദ്യപാനത്തില്‍ നിന്നും ചീട്ടുകളിയില്‍ നിന്നും കരകയറാന്‍ കഴിയാതെ കുടുംബത്തെ തന്നെ ശശിയേട്ടന് തള്ളിപറഞ്ഞു ലോക് ഡൗണ്‍ കാലത്ത് ഭാര്യവീട്ടില്‍ താമസിപ്പിക്കാന്‍ പാര്‍ട്ടിയാണ് മുന്‍കൈ എടുത്ത് ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കിയത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ പാര്‍ട്ടി അത്രയും ശ്രമിച്ചു.ഇത്രയും അരാജക ജീവിതത്തിന്റെ ഭാഗമായി ഒരു കൂട്ടം അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ട്. വൃക്കകള്‍ക്ക് തകരാറുണ്ട്. പാന്‍ക്രിയാസില്‍ നീര്‍ക്കെട്ടുമുണ്ട്. ചികിത്സ പാര്‍ട്ടി തന്നെയാണ് മുന്‍കൈ എടുത്ത് ഉറപ്പു വരുത്തിയത്. രണ്ട് തവണ ഹൃദയസ്തംഭനം വന്ന ആളുമാണ്.
ഇത്രയും അസുഖങ്ങളുള്ള ഒരാളെ നിര്‍ത്തി ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് നികൃഷ്ടമാണ്. ബി ജെ പി മാത്രമാകും ഇത്രയും രോഗങ്ങളുള്ള സഹോദരന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി.
പെരുമാറ്റ പ്രശ്നങ്ങള്‍ കാരണം കുടുംബത്തില്‍ നിന്ന് ഒറ്റപ്പെട്ട ആളു ടെ മാനസിക വിഭ്രാന്തിയെയാണ് എന്തും പാര്‍ട്ടിക്കെതിരെ അടിക്കാന്‍ ഉള്ള വടിയെന്ന നിലയില്‍ ബി.ജെ.പി ഉപയോഗിക്കുന്നത്.ഇത് ബി ജെ പി എന്ന പാര്‍ട്ടിയുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍?
എല്ലാ അര്‍ത്ഥത്തിലും കുടുംബത്തില്‍ നിന്നും അകന്ന ഒരാളുടെ വിഭ്രാന്തിയെ പോലും പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ബിജെപിയുടെ വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങളില്‍ സഹതാപം മാത്രമേ ഉള്ളൂ. കുടുംബത്തിലെ ഇത്തരം പ്രശ്നങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ബിജെപിയുടെ കൂടി മനോവൈകല്യം
മാത്രമാണ്. മദ്യപാനവും പണമില്ലെങ്കില്‍ കാണിക്കുന്ന വിഭ്രാന്തിയും പോലും രാഷ്ട്രീയ പോരാട്ടത്തിന് ഉപയോഗപ്പെടുത്തുവാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ.
സഖാക്കളെ
ഇത്രയും പെരുമാറ്റ പ്രശ്നങ്ങളുള്ള ഒരാളെ പാര്‍ട്ടി ഷാളണിയിച്ച് അംഗത്വം നല്കി ആഘോഷിക്കാന്‍ കാണിച്ച ഈ അല്പത്തരം എല്ലാവരും സഹതാപത്തോടെ യേ കാണൂ.
ഇത്രേയേയുള്ളൂ
ബിജെപി എന്ന് എനിക്ക് ഇപ്പോഴാ മനസിലായത്. ഇപ്പോഴാണ് ഈ അഴുക്കുചാലിന്റെ ആഴം മനസ്സിലായത്. മദ്യപാന ആസക്തിയെ പോലും ആഘോഷമാക്കുന്ന ഒരു പാര്‍ട്ടിയുടെ രാഷ്ട്രീയ ശൂന്യതയില്‍ ഒന്നും പറയാനില്ല.
സഖാക്കളെ
ഞാനദ്ദേഹത്തിന്റെ
ഭാഗമായതു കൊണ്ടു മാത്രമാണ് നിങ്ങള്‍ക്ക് ഈ വിഷമം ഉണ്ടായതെന്നറിയാം.
ക്ഷമിക്കുക. എല്ലാ പ്രതിസന്ധികളിലും വേദനകളിലും കൂടെ നിന്ന നിങ്ങളുടെ കരുത്തില്‍ ഞാനീ വിഷലിപ്ത പ്രചരണത്തേയും മറികടക്കും .
സസ്നേഹം നിങ്ങളുടെ പുഷ്പന്
Discussion about this post