ന്യൂഡല്‍ഹി: ചൈനയില്‍ തുടക്കമിട്ട ക്രിസ്ത്യന്‍ തീവ്രവാദ സംഘടന ഇന്ത്യയില്‍ വേരുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ദ ചര്‍ച്ച് ഓഫ് ഓള്‍മൈറ്റി ഗോഡ് എന്ന ചൈനയിലെ നിരോധിത സംഘടനയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് സംഘടനയുടെ പ്രവര്‍ത്തനം ഇപ്പോള്‍ കാര്യമായുള്ളത്. ഇതിനെതിരെ നാഗാലാന്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ മുന്നറിയിപ്പുമായി രംഗത്തെത്തി. നാഗാലാന്റിലെ 1500ഓളം ബാപ്റ്റിസ്റ്റ് പള്ളികള്‍ ചേര്‍ന്ന സംഘടനയാണ് നാഗാലാന്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍.
ഇന്ത്യയില്‍ വാട്സ് ആപ്പ്, യൂ ട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ സംഘടനക്ക് സാധിച്ചതായി കൗണ്‍സില്‍ പറഞ്ഞു. യുവാക്കളെയാണ് ഇവര്‍ പ്രധാനമായും സ്വാധീനിക്കുന്നത്. വിദ്യാഭ്യാസം കുറവുള്ളതും കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങളുള്ളതുമായ സ്ത്രീകളും ഇവരുടെ വലയില്‍ എളുപ്പത്തില്‍ അകപ്പെടുന്നു. തീവ്രമത ചിന്തകള്‍ പ്രചരിപ്പിക്കുന്ന സംഘടന ക്രിസ്ത്യന്‍ ഭൂരിപക്ഷമായ വടക്കു കിഴക്കന്‍ മേഖലയുടെ പല സ്ഥലങ്ങളിലും സജീവമാണ്.
വടക്ക് പടിഞ്ഞാറ് ചൈനയില്‍ ജനിച്ച യാംഗ് സിയാംഗ്ബിന് എന്ന സ്ത്രീയുമായി ബന്ധപ്പെട്ട് 1991ന് മുന്‍പാണ് സംഘടനയുടെ ഉദയം. ഈ സ്ത്രീ യേശു ക്രിസ്തുവിന്റെ അവതാരമാണെന്ന് സംഘടന അവകാശപ്പെടുന്നു. ഇവരെക്കുരിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇത് ക്രിസ്ത്യന്‍ മതവിശ്വാസത്തിന് വിരുദ്ധമാണെന്ന് മറ്റ് സഭകളും സംഘടനകളും ചൂണ്ടിക്കാട്ടുന്നു. നൂറിലേറെ അക്രമ സംഭവങ്ങളില്‍ സംഘടനക്ക് പങ്കുണ്ട്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിക്കുന്നത്. പള്ളികളിലെ പ്രാര്‍ത്ഥന പോലും വിലക്കുന്ന സംഭവം ഉണ്ടായി. മുസ്ലിം പള്ളികള്‍ പൊളിച്ച് അവിടെ കക്കൂസ് നിര്‍മ്മിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അടുത്ത കാലത്തായി സംഘടനക്കെതിരെ ചൈന കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിലെ അംഗങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്കി. മൊബൈല്‍ ഉപയോഗിക്കുന്നതിനും ടിവി കാണുന്നതിനും വിലക്കേര്‍പ്പെടുത്തി. 2014ല്‍ ഷാന്‍ഡോംഗ് പ്രൊവിന്‍സില്‍ ഒരു യുവതിയെ ഈ സംഘം റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. യുവതി വിസമ്മതിച്ചതോടെ ഇവരെ കൊലപ്പെടുത്തി. ഇതില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെ വധശിക്ഷക്ക് വിധിച്ചു. മറ്റുള്ളവരെ ജയിലിലടച്ചു. നിരോധിക്കപ്പെട്ടെങ്കിലും ഇപ്പോഴും ഇവര്‍ ഒളിവിലിരുന്ന് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും സംഘടന സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
Discussion about this post