കണ്ണൂര്‍: എ.ബി.വി.പി. പ്രവര്ത്തകന് കണ്ണൂര്‍ കണ്ണവത്തെ ശ്യാമപ്രസാദ് വധക്കേസിലെ പ്രതിയായ സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്റെ കൊലപാതക മരണത്തെ മഹത്വവത്കരിച്ച് എസ്ഡിപിഐ പ്രചാരണം. വിശുദ്ധ പദവിയിലേക്കാണ് അല്ലാഹു സലാഹുദ്ദീനെ ഉയര്‍ത്തിയിരിക്കുന്നതെന്നും ഇത്തരത്തിലുള്ള മരണം വിലയേറിയ സൗഭാഗ്യമാണ് എന്നൊക്കെയാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. സലാഹുദ്ദീനെപ്പോലെ മരണപ്പെടാന്‍ കൊതിക്കുന്നതായും മറയില്ലാതെ ചിലര്‍ എഴുതി വച്ചിട്ടുണ്ട്. ഇയാളുടെ സഹോദരങ്ങളുടെയെന്ന പേരിലും ഏതാനും ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
പ്രവര്‍ത്തകര്‍ മാത്രമല്ല, എസ്ഡിപിഐ നേതാക്കളുള്പ്പെടെയുള്ളവരും മരണത്തെ പുകഴ്ത്തി പ്രതികരിച്ചവരിലുണ്ട്. ”ശഹീദ് സയ്യിദ് സ്വലാഹുദ്ധീന്‍. സയ്യിദ് സ്വലാഹുദ്ധീന്റെ പേരും പെരുമയും വര്‍ധിച്ചത് എത്ര പെട്ടെന്നാണ്. പതിനായിരങ്ങളുടെ പ്രാര്‍ഥന ! ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര ! സന്തോഷക്കണ്ണീരു കൊണ്ട് കുളിപ്പിച്ച യാത്രാ മംഗളം ! വില കൊടുത്ത് വാങ്ങാനാകാത്ത വിലയേറിയ ഒരു സൗഭാഗ്യമാണ് സയ്യിദ് സലാഹുദ്ധീന്‍ ലഭിച്ചിരിക്കുന്നത്. മരണം എല്ലാവര്ക്കും നിശ്ചയമാണ്. എന്നാല്‍ രക്തസാക്ഷ്യം നേടുവാന്‍ പ്രത്യേകമായ ദൈവനിശ്ചയം വേണം. അല്ലാഹു സ്വീകരിക്കട്ടെ”. എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ മജീദ് ഫൈസിയുടെ വാക്കുകളാണിത്.
”പുഞ്ചിരിച്ചു കൊണ്ട് അല്ലാഹുവിങ്കലേക്ക്.. ഏറെ നാളായുള്ള സഹോദരന്റെ എഫ്ബി കുറിപ്പുകള്‍ അല്ലാഹു തന്നെ തെരഞെടുത്തിരിക്കുന്നു എന്ന തിരിച്ചറിവിന്റെ ബോധ്യത്തിലായിരിക്കണം. കാരണം രക്തസാക്ഷ്യത്തെ കുറിച്ച് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള പോരാട്ടത്തെ കുറിച്ചൊക്കെ ആയിരുന്നു ആ കുറിപ്പുകള്‍. സത്യവിശ്വാസി ആയ ഒരു മുസ്ലീം ഏറെ കൊതിക്കുന്ന, അല്ലാഹുവിന്റെ വാള് എന്നു പ്രവാചകന് വിളിച്ച ഖാലിദ്ബിന് വലീദിന് പോലും അല്ലാഹു നല്കാന് തയ്യാറാകാതിരുന്ന രക്തസാക്ഷ്യം എന്ന വിശുദ്ധ പദവിയിലേക്ക് ആണ് അല്ലാഹു സഹോദരന് സലാഹുദ്ദീനെ ഉയര്‍ത്തിയിരിക്കുന്നത്..ഇതില്‍ പരം സന്തോഷം ഒരു സത്യവിശ്വാസിക്ക് വരാനുണ്ടോ???”. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
മരണത്തെ മുതലെടുത്ത് എസ്ഡിപിഐ മതതീവ്രവാദം പ്രചരിപ്പിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മറ്റ് മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള പ്രചാരണത്തെ എതിര്‍ത്തും രംഗത്തുവന്നു. സലാഹുദ്ദീന് രക്തസാക്ഷിയാണോ എന്നതിനെച്ചൊല്ലിയും തര്‍ക്കം നടക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി മരിച്ചയാളെ സമുദായത്തിനായി മരിച്ചുവെന്ന് ചിത്രീകരിക്കരുതെന്നാണ് മറ്റ് സംഘടനകളുടെ നിലപാട്. ആര്‍എസ്എസ്സുകാരെ കൊലപ്പെടുത്തുമെന്നും എസ്ഡിപിഎൈ ഭീഷണി മുഴക്കുന്നുണ്ട്.
Discussion about this post