ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും കേരളത്തിലെ തീപ്പൊരി നേതാവുമായ ശോഭാ സുരേന്ദ്രന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയാവുമെന്ന ഊഹാപോഹം തള്ളി ബിജെപി ദേശീയ നേതൃത്വം. നിലവിലുള്ള അധ്യക്ഷ രേഖാ ശര്‍മ്മക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. 2018 ആഗസ്ത് ഏഴിനാണ് രേഖാ ശര്‍മ്മ ചുമതലയേറ്റത്. മൂന്ന് വര്‍ഷമാണ് കാലാവധി. 2021 ആഗസ്ത് ഏഴുവരെ അവര്‍ തുടരും. മാത്രമല്ല, സജീവരാഷ്ട്രീയത്തിലുള്ള ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നും ബിജെപി വൃത്തങ്ങള്‍ വിശദീകരിച്ചു.
കേരളത്തിലെ ബിജെപിയുടെ മുഖമാണ് ശോഭാ സുരേന്ദ്രന്. തീപ്പൊരി പ്രസംഗത്തിലൂടെ പ്രവര്‍ത്തകരുടെ ആവേശമായ നേതാവ്. പാലിയേക്കര ടോള്‍പ്ലാസ ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് മുന്നില്‍നിന്ന് നേതൃത്വം നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിനെതിരെ മഹിളാ മോര്‍ച്ചാ ശ്രദ്ധിക്കപ്പെടുന്ന പ്രക്ഷോഭം നടത്തുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് പുറത്ത് അറിയപ്പെടുന്ന വനിതാ നേതാക്കളുടെ അഭാവം ബിജെപിക്കുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നും മാറിനില്‍ക്കേണ്ട ചുമതല ശോഭാ സുരേന്ദ്രന് നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ബിജെപി മുന്നില്‍ക്കാണുന്നുണ്ട്. വിജയസാധ്യതയുള്ള നേതാക്കളിലൊരാളാണ് ശോഭാ സുരേന്ദ്രന്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് കോട്ടയായ ആറ്റിങ്ങലില്‍ ഇരുമുന്നണികളെയും ഞെട്ടിക്കുന്ന മുന്നേറ്റം നടത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു. മുന്‍പ് പാലക്കാട് മത്സരിച്ചപ്പോഴും വോട്ട് ശതമാനം കുത്തനെ ഉയര്‍ത്തി. കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ നടന്ന പുനസംഘടനയില്‍, ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭയെ വൈസ് പ്രസിഡണ്ടാക്കിയിരുന്നു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച അവര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നേതാക്കളെല്ലാം സമരരംഗത്തുള്ളപ്പോള്‍ ശോഭയുടെ അഭാവം ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് അവരെ വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി പ്രചാരണം ആരംഭിച്ചത്. ഒരു പ്രമുഖ ദിനപ്പത്രം ഇത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ബിജെപി നേതൃത്വം സംശയിക്കുന്നു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ അതിന് തടയിടാന്‍ രാഷ്ട്രീയ എതിരാളികള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ ദേശീയ ചുമതല ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.
Discussion about this post