തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) ഉടന്‍ കൈമാറേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാന്നിധ്യം മുഖ്യമന്ത്രിയുടെ ഓഫിസ് ബ്ലോക്കില്‍ തെളിഞ്ഞപ്പോള്‍. നിരീക്ഷണ ക്യാമറകളുടെ കണ്ട്രോള് റൂമില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇതേസമയം 14 മാസത്തെ ദൃശ്യങ്ങള്‍ സെര്‍വറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് പുറത്തുവന്നാല്‍ പ്രതിരോധിക്കാനാകില്ലെന്ന ആശങ്കയാണ് ദൃശ്യങ്ങള്‍ കൈമാറാത്തതിന് പിന്നില്‍.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെയും സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രി കെ.ടി.ജലീലിന്റെയും ഓഫിസുകളില്‍ സ്വപ്ന എത്താറുണ്ടായിരുന്നോ എന്നു സ്ഥിരീകരിക്കാനാണു മൂന്നാഴ്ച മുന്‍പ് ദൃശ്യങ്ങളെപ്പറ്റി എന്‍ഐഎ നിര്‍ദേശം നല്‍കിയത്. 2019 ജൂലൈ മുതല്‍ 2020 ജൂലൈ 5 വരെയുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കണമെന്നാണു ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്തു നല്‍കിയത്. തുടര്‍ന്നു തൊട്ടടുത്ത ദിവസം തന്നെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിനു പിന്‍വശത്തുള്ള കണ്ട്രോള് റൂമില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ ദിനങ്ങളിലെ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലേക്കു സ്വപ്ന പോയിവരുന്നതിന്റെ ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ കണ്ടതായാണു സൂചന. മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ മുകള്‍ നിലയിലാണു ശിവശങ്കറിന്റെ ഓഫിസ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പഴ്സനല്‍ സ്റ്റാഫ് അംഗവും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സ്വപ്നയുടെ സാന്നിധ്യം നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയെന്നു ബോധ്യപ്പെട്ടതോടെയാണ് ഈ ദൃശ്യങ്ങള്‍ കൈമാറേണ്ടെന്ന് ഉന്നത തലത്തില്‍ തീരുമാനിച്ചത്. എന്‍ഐഎ വീണ്ടും കത്തു നല്കിയാല് അപ്പോള്‍ ആലോചിക്കാമെന്നാണു നിലപാട്. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഉത്തരവിട്ട ചീഫ് സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞില്ല.
Discussion about this post