ന്യൂഡല്‍ഹി: യുവമോര്‍ച്ചാ അധ്യക്ഷനായി യുവതാരം തേജ്വസി സൂര്യയെ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജനു പകരമാണ് തേജ്വസി സൂര്യ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. മികച്ച പ്രാസംഗികനും സംവാദകനുമായ തേജസ്വിക്ക് യുവസമൂഹത്തില്‍ നിരവധി ആരാധകരുണ്ട്. ബെംഗളൂരു സൗത്തില്‍നിന്നുള്ള ബിജെപി എംപിയാണ്. മുന്‍ മന്ത്രി അനന്ത് കുമാറിന്റെ വിയോഗത്തിന് പിന്നാലെ തേജസ്വി ബംഗളുരു സൗത്തില്‍ സ്ഥാനാര്‍ത്ഥിയായത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ബിജെപിക്ക് നൂറ് ശതമാനം ജയസാധ്യതയുള്ള മണ്ഡലത്തില്‍ കുടുംബ മഹിമ ഏറെയൊന്നുമില്ലാത്ത ചെറുപ്പക്കാരന് സീറ്റ് നല്‍കിയത് അമ്പരപ്പുളവാക്കി. പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരെ വളര്‍ത്തി കൊണ്ടുവരാനുള്ള നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പദ്ധതി എന്നാല്‍ ഫലം കണ്ടു. 3.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തേജസ്വി ജയിച്ചു.
ബെംഗളൂരു ഹൈക്കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനുമാണ് തോജസ്വി. കര്‍ഷകരുടെ അവകാശങ്ങള്‍, വിദ്യാഭ്യാസ വിഷയങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ബിജെപിക്ക് വേണ്ടി നിരവധി കേസുകള്‍ അദ്ദേഹം ഹൈക്കോടതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ദേശീയ പ്രാദേശിക ദിനപത്രങ്ങളിലെ കോളമിസ്റ്റാണ്. രാഷ്ട്രീയം, ചരിത്രം, ഇന്ത്യന്‍ സാമ്പത്തിക മാറ്റങ്ങള്‍ എന്നിവയാണ് പ്രധാനമായും അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങള്‍. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊതുപരിപാടികളുടെ സംഘാടനം നേരിട്ട് ഏറ്റെടുത്തിരുന്നു അദ്ദേഹം. ഇത് മോദിക്ക് ഏറെ സഹായകരമായിരുന്നു. നൂറിലധികം പൊതുപരിപാടികളില്‍ തേജസ്വി പങ്കെടുത്തു. യുവവോട്ടര്‍മാരെ ലക്ഷ്യമിട്ട് സാമൂഹി-സാമ്പത്തിക ഗ്രൂപ്പുകളുടെ യോഗത്തിലും തേജസ്വി പങ്കെടുത്തിരുന്നു. 2010ല്‍ മുന്‍ ഉപ പ്രധാനമന്ത്രി എല്‍കെ അദ്വാനിക്കായി കള്ളപണത്തിനെതിരെ ജന്‍ ചേതനാ യാത്രയും തേജസ്വി നടത്തിയിരുന്നു. 2018ല്‍ കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ടീമിന്റെ രൂപീകരണമാണ് അദ്ദേഹത്തെ ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. പാര്‍ട്ടിയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ഇതുവഴി ഉണ്ടാക്കാന്‍ സൂര്യക്ക് സാധിച്ചു.
ബിജെപി ദേശീയ ഭാരവാഹികളെയും അധ്യക്ഷന്‍ ജെ.പി.നഡ്ഡ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ എ.പി.അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. ടോം വടക്കനെ ദേശീയ വക്താവായും തിരഞ്ഞെടുത്തു. ബി.എല്‍.സന്തോഷ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എന്‍ടിആറിന്റെ മകള്‍ പുരന്ദേശ്വരിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. റാം മാധവ്, മുരളീധര്‍ റാവു, അനില്‍ ജെയിന് എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വര്‍ധിപ്പിച്ചു. അനില്‍ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും.
Discussion about this post