കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് സിപിഎം ഗൂഢാലോചനയെന്ന് വ്യക്തമാകുന്നു. അനില്‍ നമ്പ്യാര്‍ക്കെതിരായ പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി പുറത്തുവിട്ടത് ധനമന്ത്രി തോമസ് ഐസക്കിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗം. ഇയാളില്‍നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടി. കസ്റ്റംസിനുള്ളില്‍നിന്നാണ് ഇയാള്‍ക്ക് മൊഴിപ്പകര്‍പ്പ് എത്തിയതെന്നാണ് സംശയം. സ്വപ്നാ സുരേഷിന്റെ 33 പേജുള്ള മൊഴിയില്‍ മൂന്നുപേജാണ് പുറത്തായത്. ഇത് ജനം ടി.വി. കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെക്കുറിച്ച് മാത്രമുള്ളതായിരുന്നു. അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു മൊഴിപ്പകര്‍പ്പ് ചോര്‍ന്നത്.
സ്വര്‍ണക്കടത്ത് അന്വേഷണസംഘത്തിലെ അസിസ്റ്റന്റ് കമ്മിഷണറെ പ്രിവന്റീവിന്റെ ചുമതലയില്‍നിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മൊഴി പുറത്തായതിനെത്തുടര്‍ന്നാണ് ഇതെന്നാണ് സൂചന. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനം, അന്വേഷണസംഘം എന്നിവടങ്ങളില്‍നിന്നാണ് മൊഴി ചോര്‍ന്നതെന്ന് വ്യക്തമായതിനു പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍നിന്ന് വിവരങ്ങള്‍ തേടിയത്. മൊഴിപ്പകര്‍പ്പ് ലഭിച്ചതും അത് പങ്കുെവച്ചതും പഴ്സണല്‍ സ്റ്റാഫ് അംഗം നിഷേധിച്ചില്ല. തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലര്‍ക്ക് ഫോര്‍വേഡ് ചെയ്തെന്നും ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
അന്വേഷണത്തെ തടസ്സപ്പെടുത്തല്‍, രഹസ്യങ്ങള്‍ ചോര്‍ത്തല്‍ എന്നിവയുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമാണിതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. മൊഴി പുറത്തായത് വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണ സംഘത്തിലുള്പ്പടെയുള്ളവരുടെ ഡിജിറ്റല്‍ റെക്കോഡുകള്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പരിശോധിച്ചിരുന്നു. മൊഴിപ്പകര്‍പ്പ് ആര്‍ക്കൊക്കെ കൈമാറിയെന്നതിന്റെ ‘ഡിജിറ്റല്‍ റൂട്ട്മാപ്പ്’ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍നിന്നും വിവരങ്ങള്‍ ആരായാനിടയുണ്ട്. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. കസ്റ്റംസ് പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങള്‍ക്ക് നല്‍കും. ആവശ്യമെങ്കില്‍ സി.ബി.ഐ. അന്വേഷണത്തിനും ശുപാര്‍ശചെയ്തേക്കും.
സ്വര്‍ണക്കടത്തിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിനെ വിളിച്ചതിന്റെ പേരിലാണ് അനിലിനെ കസ്റ്റംസ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് ബന്ധം പുറത്തുവന്നപ്പോഴാണ് അനില്‍ സ്വപ്നയെ വിളിച്ചത്. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ജോലി നിര്‍വ്വഹണത്തിന്റെ ഭാഗമായി നടത്തിയ സ്വാഭാവികമായ ഫോണ്‍ വിളിയായിരുന്നു അത്. അന്വേഷിച്ച് പറയാമെന്ന് പറഞ്ഞ സ്വപ്ന ഫോണ്‍ വച്ചു. പിന്നീട് തിരിച്ചുവിളിച്ച് കോണ്‍സുലേറ്റിന് ബന്ധമില്ലെന്ന് പറഞ്ഞു. ഈ രണ്ട് ഫോണ്‍ കോള്‍ മാത്രമാണ് അനിലിനെതിരെ കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്.
മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇത്തരത്തില്‍ ക്രിമിനലുകളുമായിപ്പോലും സംസാരിക്കേണ്ടി വരും. തിരുവനന്തപുരത്തെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ വിവാദമുയര്‍ന്നപ്പോള്‍ സ്വപ്നയെ വിളിച്ചിട്ടുണ്ടെന്ന് ഇന്‍ഡസ് സ്ക്രോളിന്റെ അന്വേഷണത്തില്‍ വ്യക്തമായി. സിപിഎം ചാനലായ കൈരളിയിലെ ജോണ്‍ ബ്രിട്ടാസും 24 ന്യൂസിലെ ശ്രീകണ്ഠന് നായരുമാണ് ഇതില്‍ പ്രധാനികള്‍. എന്നാല്‍ ഇവരുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല. അനില്‍ നമ്പ്യാരെ മാത്രം ചോദ്യം ചെയ്തത് ചര്‍ച്ച വഴിതിരിച്ചുവിടാനാണെന്നാണ് ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് കൂടിയാണ് ബ്രിട്ടാസ്.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ളതായി വ്യക്തമായതുമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന് ഉള്‍പ്പെടെ ഓഫീസിലെ പലര്‍ക്കും സ്വപ്നയുമായി അടുത്ത ബന്ധമുണ്ട്. എന്നിട്ടും അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത കസ്റ്റംസ് ബ്രിട്ടാസിനെ വെറുതെ വിട്ടു. സിപിഎം അനുകൂല നിലപാടുള്ള ചാനലാണ് 24 ന്യൂസ്. സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത് ഈ ചാനലായിരുന്നു. സ്വപ്നയുമായും സിപിഎമ്മുമായും അടുത്ത ബന്ധമുള്ളതിനാലാണ് ശബ്ദസന്ദേശം ഈ ചാനലിന് ലഭിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പുറമെയാണ് ചാനലിന്റെ തലപ്പത്തുള്ള ശ്രീകണ്ഠന് സ്വപ്നയെ വിളിച്ചത്. എന്നിട്ടും ശ്രീകണ്ഠന് നായരെ കസ്റ്റംസിന് വേണ്ട.
മുപ്പതിലേറെ പേജുള്ള മൊഴിയാണ് സ്വപ്ന നല്‍കിയിട്ടുള്ളത്. പുറത്തുവന്നത് അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ള രണ്ട് പേജ് മാത്രം. മുഖ്യമന്ത്രി, ശിവശങ്കരന്, മന്ത്രി കെ.ടി. ജലീല്‍, മുഖ്യമന്ത്രിയുടെ ഭാര്യക്കൊപ്പം വിദേശ യാത്ര നടത്തിയത് തുടങ്ങിയവ സംബന്ധിച്ചുള്ള സ്വപ്നയുടെ മൊഴികള്‍ പുറത്തുവന്നില്ല. അനില്‍ നമ്പ്യാരേക്കാള് വാര്‍ത്താ പ്രാധാന്യമുള്ളവയാണ് ഇവയെല്ലാം. കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിന് കീഴിലാണെങ്കിലും സിപിഎമ്മുകാരായ ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിലായപ്പോള് രക്ഷിക്കുന്നതിനായി അനീഷ് രാജനെന്ന ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പരസ്യ പ്രസ്താവന നടത്തിയ സംഭവം ഉണ്ടായി. അനീഷ് സിപിഎമ്മുകാരനാണെന്നതും തെളിഞ്ഞു. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ച ബിജെപിയിലേക്കും കേന്ദ്ര മന്ത്രി വി.മുരളീധരനിലേക്കും വഴിതിരിച്ചുവിട്ട് സിപിഎമ്മിനെ രക്ഷിക്കാനാണ് ഏതാനും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അനില്‍ നമ്പ്യാരിലൂടെ ശ്രമിച്ചത്.
Discussion about this post