പാലക്കാട്: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരം വിവാദത്തില്‍. പ്രതിഷേധം കൊഴുപ്പിക്കാന്‍ വ്യാജ രക്തം ഒഴുക്കിയെന്നാണ് ആരോപണം. മുന്‍പ് സ്വാശ്രയ വിഷയത്തില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന സമരത്തില്‍ മഷിക്കുപ്പി കൊണ്ടുവന്നത് മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. ലാത്തിചാര്ജ്ജിനിടിയിലുണ്ടായ ഉന്തും തള്ളിനുമിടയില്‍ പ്രവര്‍ത്തകരുടെ അരയില്‍ തിരുകിയിരുന്ന മഷിക്കുപ്പി തെറിച്ചു വീണു. സമരം കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇത് പകര്‍ത്തി. സമരത്തിനിടെ ശരീരത്ത് പുരട്ടാന്‍ കൊണ്ടുവന്ന ചോരയെന്ന പേരില്‍ ചുവന്ന മഷിക്കുപ്പികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.
https://www.facebook.com/KSurendranOfficial/posts/3358160487601897
വി.ടി. ബല്‍റാം നേതൃത്വം നല്കിയ പാലക്കാട്ടെ സമരത്തിലും ഈ നാടകം നടന്നുവെന്നാണ് ആക്ഷേപം. ബല്‍റാമിന്റെ ഷര്‍ട്ട് നിറയെ ചോരയുടെ ദൃശ്യങ്ങളുണ്ട്. എന്നാല്‍ ശരീരത്ത് എവിടെയും മുറിവോ പൊട്ടലോ ഇല്ല. മറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും അവസ്ഥ സമാനമാണ്. ആര്‍ക്കും പരിക്കില്ല, പിന്നെങ്ങനെ ചോരയൊഴുകി എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. നേരത്തെ പുറത്തുവന്ന മഷിക്കുപ്പിയുടെ ചിത്രം ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ്സിനെ സിപിഎമ്മും ബിജെപിയും പ്രതിക്കൂട്ടിലാക്കുന്നത്. ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമും രംഗത്തുവന്നു.
https://www.facebook.com/aarahimofficial/posts/3358908407521663
ജലീല്‍ വിഷയത്തില്‍ ഏതാനും ദിവസങ്ങളായി ബിജെപി ശക്തമായ പ്രക്ഷോഭമാണ് നടത്തിവരുന്നത്. യുവമോര്‍ച്ചയുടെയും മഹിളാ മോര്‍ച്ചയുടെയും ആക്രമണോത്സുകത നിറഞ്ഞ സമരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണെന്നവകാശപ്പെട്ട് ബിജെപി രംഗത്തുവന്നതും കോണ്‍ഗ്രസ്സിന് ക്ഷീണമായി. ഇതിന് പിന്നാലെയാണ് പാലക്കാട്ട് മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. വി.ടി ബല്‍റാം എം.എല്‍.എ അടക്കം നിരവധിപ്പേരെ പോലീസ് വളഞ്ഞിട്ട് അടിച്ചുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്കി. പോലീസിനെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചു. എന്നാല്‍ ഇപ്പോഴുണ്ടായ വിവാദം പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നതാണ്.
Discussion about this post