തൃശൂര്‍: വടക്കുംനാഥ ക്ഷേത്ര ഭൂമി കയ്യേറി കള്ളപ്പട്ടയത്തിലൂടെ സ്വന്തമാക്കി കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ). പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രഭാത്, സെക്രട്ടറി വിനീത എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രഭാത് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെയും വിനീത കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെയും മാധ്യമ പ്രവര്‍ത്തകരാണ്. തൃശൂര്‍ സി.ജെ.എം കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതിനൊപ്പം തന്നെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകരം റവന്യൂ ഉദ്യോഗസ്ഥരെത്തി പ്രസ് ക്ലബ്ബും അനുബന്ധ ഭൂമിയും അളന്ന് തിട്ടപ്പെടുത്തി. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ജന.സെക്രട്ടറി ഇ.എസ് സുഭാഷിന്റെ മാതൃഘടകമാണ് തൃശുര് ജില്ലാ കമ്മിറ്റി. സംസ്ഥാന നേതൃത്വത്തിന്റേയും ജനറല്‍ സെക്രട്ടറിയുടേയും അറിവോടെയാണ് വ്യാജരേഖ ചമയ്ക്കലെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതിനെതിരെ ഹിന്ദു ഐക്യ വേദി പ്രതിഷേധം സംഘടിപ്പിച്ചു. പ്രസ്സ് ക്ലബിന് മുന്നില്‍ കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം. വടക്കും നാഥന്റെ ഭൂമി വ്യാജരേഖകള്‍ നിര്‍മിച്ചു സ്വന്തമാക്കാന്‍ ഇപ്പോഴും ശ്രമം നടക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തൃശൂര്‍ സ്വരാജ് റൗണ്ടിന് സമീപം ദേശീയപാതയോരത്ത് പത്ത് കോടിയിലേറെ വിലമതിക്കുന്ന കണ്ണായ സ്ഥലമാണ് വ്യാജരേഖ ചമച്ച് ഭാരവാഹികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. 1971ല്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് അസോസിയേഷന് എന്ന പേരില്‍ രൂപീകരിച്ച കടലാസ് സംഘടനയ്ക്ക് മതിയായ രേഖകളൊന്നുമില്ലാതെ തന്നെ മൂന്ന് സെന്റ് സ്ഥലം അന്നത്തെ ജില്ലാ കലക്ടര്‍ ദാനം (ഗിഫ്റ്റ്) നല്‍കിയെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഔദ്യോഗിക ഫയലുകളിലില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് ലഭിച്ച മറുപടി. ദാനം നല്കിയ 239/4, 239/5 എന്നീ സര്‍വേ നമ്പറുകളില്‍പെട്ട സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം വടക്കുംനാഥ മൂര്ത്തിയ്ക്കാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അന്നത്തെ കാലത്ത് സ്വാധീനം ചെലുത്തി പതിച്ചുനല്‍കപ്പെട്ട സ്ഥലത്ത് സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ പടുകൂറ്റന്‍ കെട്ടിടമാണ് സമീപകാലത്ത് പണികഴിപ്പിച്ചത്. അടുത്തിടെ സ്ഥലം കൂട്ടിയെടുത്ത് ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളുമൊരുക്കി.
കടലാസ് സംഘടന ഇല്ലാതായതോടെ അവകാശികളില്ലാത്ത സ്ഥലം സ്വന്തമാക്കാനുള്ള നീക്കമാണ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് നടത്തിയതെന്നാണ് ആരോപണം. രണ്ട് വട്ടം ഒരേ സ്ഥാനങ്ങളില്‍ തുടരുന്ന ഇരുവരും അടുത്ത തെരഞ്ഞെടുപ്പോടെ സ്ഥാനമൊഴിയേണ്ട സാഹചര്യത്തില്‍ വ്യാജരേഖകള്‍ ചമച്ച് നഗരമധ്യത്തിലെ കണ്ണായ സ്ഥലം സ്വന്തമാക്കാനുള്ള നീക്കമാണ് നടത്തിയതെന്നാണ് ആരോപണം. 1971 മുതല്‍ 2019 വരെ വിവാദ മൂന്ന് സെന്റിന് കരം അടച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അതുവരെയുള്ള 49 വര്‍ഷത്തെ നികുതി സെക്രട്ടറി വിനീത ഉദ്യോഗസ്ഥരെ കബളിപ്പിച്ചും സ്വാധീനിച്ചും ഒറ്റയടിക്ക് അടയ്ക്കുകയായിരുന്നു. കോടതി ഇടപെടലിലൂടെ അപകടം മണത്ത വില്ലേജ് ഓഫീസര്‍ മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലുമാണ്. വ്യാജരേഖ ചമച്ച് സ്ഥലം സ്വന്തമാക്കാനുള്ള ഭാരവാഹികളുടെ നീക്കം അറിയാമായിരുന്നിട്ടും ഇടപെടാതിരുന്ന ജനറല്‍ സെക്രട്ടറിയ്ക്കെതിരേയും ആരോപണം ശക്തമാണ്. ഇ.എസ് സുഭാഷും അടുത്ത വര്‍ഷത്തോടെ വിരമിക്കാനിരിക്കുകയാണ്. കണ്ണായ സ്ഥലത്തിന്റെ പങ്കിലാണ് വ്യാജരേഖ ചമച്ചവരുടേയും കൂട്ടുനിന്നവരുടേയും കണ്ണെന്നാണ് ആരോപണം.
കേസുകള്‍ കുന്നുകൂടുമ്പോഴും മന്ത്രിമാര്‍ രക്ഷയ്ക്കെത്തുമെന്ന ആത്മവിശ്വാസവും ഭാരവാഹികള്‍ക്ക് ഇപ്പോള്‍ നഷ്ടമായി കഴിഞ്ഞു. മന്ത്രിമാരെ മുന്നില്‍ നിര്‍ത്തി ലക്ഷങ്ങള്‍ പിരിച്ച് ആര്‍ഭാടമായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ സംസ്ഥാന സമ്മേളനത്തിന്റെ വരവ് ചെലവ് കണക്കുകള്‍ ഇതുവരെ പുറത്ത്വിട്ടിട്ടില്ല. സ്വാഗതസംഘവും പിരിച്ചുവിട്ടിട്ടില്ല. ഇതോടെ അഴിമതി കുംഭക്കോണം നിരത്തി അംഗങ്ങളും രംഗത്തിറങ്ങിയതോടെ മന്ത്രിമാരും അപകടം മണത്തു. കോടതി ഇടപെടലില്‍ കേസും അന്വേഷണവും പുരോഗമിച്ചതോടെ മന്ത്രിമാരടക്കമുള്ളവര്‍ പ്രസ് ക്ലബ്ബുമായുള്ള സഹകരണം ഉപേക്ഷിച്ച മട്ടാണ്. ഇതിനിടെ പ്രസ് ക്ലബ്ബിന്റെ രണ്ടാം നിലയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിട്ടുള്ള രേഖകളും മറ്റും മാറ്റാനുള്ള നീക്കവും നടത്തുന്നുണ്ട്. ഈ രഹസ്യ അറയെ ചുറ്റിപ്പറ്റി ഏറെക്കാലമായി വിവാദം നിലനില്‍ക്കുന്നുണ്ട്. രഹസ്യ അറയുടെ നിയന്ത്രണം പൂര്‍ണ്ണമായും സെക്രട്ടറിയില്‍ നിക്ഷിപ്തമാണെന്നും പ്രസ് ക്ലബ്ബില്‍ ഏകാധിപത്യ ഭരണമായതിനാല്‍ രഹസ്യ അറയിലെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും അംഗങ്ങളും പറയുന്നു. രഹസ്യ അറ സീല്‍ ചെയ്ത് തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില അംഗങ്ങള്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
https://www.facebook.com/rvbabu.babu.9/posts/3362004287250558
Discussion about this post