ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ ഗ്ലാമര്‍ താരമായിരുന്നു ഖുശ്ബു. എതിരാളികളെ ആക്രമിക്കുമ്പോഴുള്ള വാക്കുകളിലെ അവരുടെ മൂര്‍ച്ചയാണ് ദേശീയ വക്താവാക്കാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചത്. നരേന്ദ്ര മോഡിക്കും അമിത് ഷാക്കും ബിജെപിക്കുമെതിരായ ഖുശ്ബുവിന്റെ ആക്രമണം സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ്സിന് ഏറെ മുന്നേറ്റം നല്‍കിയിരുന്നു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററായിരുന്നു അവരുടെ പ്രധാന കേന്ദ്രം. ബിജെപി നേതാക്കളുടെ പേര് പറഞ്ഞും ടാഗ് ചെയ്തും മയമില്ലാതെയായിരുന്നു വിമര്‍ശനം. കോണ്‍ഗ്രസ് അനുയായികള്‍ ഇതെല്ലാം ഏറ്റെടുത്ത് ആഘോഷമാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗവും എതിരാളികളെ കടന്നാക്രമിക്കുന്നതും അനുയായികളെ ആവേശത്തിലാക്കുന്നതുമാണ്.
മുംബൈ വെസ്റ്റ് അന്ധേരിയിലെ മുസ്ലിം കുടുംബത്തില്‍ ജനിച്ച ഖുശ്ബു 80കളില്‍ ബാലതാരമായാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത്. നിരീശ്വരവാദിയെന്നാണ് ഖുശ്ബു സ്വയം വിശേഷിപ്പിച്ചിരുന്നത്. എപ്പോഴും എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥിരോത്സാഹിയെന്നാണ് അവരെ സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്നത്. സിനിമാ താരമെന്നതിനപ്പുറം രാഷ്ട്രീയത്തില്‍ കൃത്യമായ മേല്‍വിലാസമുണ്ടാക്കാന്‍ ഖുശ്ബുവിന് സാധിച്ചു. രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് തന്നെ അവരുടെ ഒരു പ്രസ്താവന വിവാദമായിരുന്നു. വിവാഹത്തിന് മുന്‍പുള്ള ലൈംഗികതയെ അനുകൂലിച്ചുള്ള 2005ലെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നു. നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ടായി. അഞ്ച് വര്‍ഷത്തിലേറെയായുള്ള നിയമപോരാട്ടത്തിലൂടെയാണ് ഈ കേസുകള്‍ ഒഴിവായത്.
രാഷ്ട്രീയത്തില്‍ ഡിഎംകെയിലായിരുന്നു തുടക്കം. സിനിമകളിലെ പുരോഗമന നിലപാടാണ് ഖുശ്ബുവിന്റെ സവിശേഷതയെന്ന് അന്ന് കരുണാനിധി പ്രശംസിച്ചിരുന്നു. എന്നാല്‍ സ്റ്റാലിനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2014ല്‍ ഡിഎംകെ വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ആദ്യ വര്‍ഷങ്ങളില്‍ ഖുശ്ബുവിന്റെ താരപരിവേഷം കോണ്‍ഗ്രസ് ഉപയോഗിച്ചു. 2014ലും 2016ലും തെരഞ്ഞെടുപ്പുകളില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തില്‍ സജീവമായി. എന്നാല്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം അവസരങ്ങള്‍ നിഷേധിച്ചു. അവര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ സംഘടിത നീക്കമുണ്ടായി. രാഹുലിനോടും പ്രിയങ്കയോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തമിഴ്നാട്ടിലെ നേതാക്കന്മാര് പരസ്യമായി ആക്ഷേപിച്ചു. ഇതോടെയാണ് ബിജെപിയില്‍ ചേരാനുള്ള കടുത്ത തീരുമാനത്തിലെത്തിയത്.
ദക്ഷിണേന്ത്യയില്‍ പ്രയോജനപ്പെടുത്താവുന്ന താരത്തെയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഇന്ന് ബിജെപിയുടെ ഭാഗമാണ്. സംസ്ഥാന നേതൃത്വത്തിലും ഇവര്‍ ഭാരവാഹിത്വം വഹിക്കുന്നുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ താരങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് അപ്രതീക്ഷിത നേട്ടമാണ് ഖുശ്ബുവിലൂടെ കിട്ടിയത്. ഖുശ്ബു താരപ്രചാരകയാകുമെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
Discussion about this post