ലക്നൗ: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് അറുതി വരുത്താന്‍ ഓപ്പറേഷന് ദുരാചാരിയുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സ്ത്രീകളെ ശല്യം ചെയ്യുന്നവരുടെയും അതിക്രമം നടത്തുന്നവരുടെയും പോസ്റ്ററുകള്‍ പൊതു ഇടങ്ങളില്‍ പതിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്കി. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ പരസ്യമായി നാണംകെടുത്തി ക്രിമിനലുകള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണിത്. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ പൊതുസമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കുകയെന്ന ഉദ്ദേശവും ഇതിനുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അതാതിടത്തെ പോലീസ് ചുമതലയുള്ളവരെ ഉത്തരവാദികളാക്കും. നേരത്തെ രൂപീകരിച്ച ആന്റി റോമിയോ സ്ക്വാഡ് ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഉത്തര്‍ പ്രദേശിനെ മാറ്റിയെടുക്കാനാണ് യോഗിയുടെ ശ്രമം. അധികാരമേറ്റയുടന്‍ ക്രമസമാധാനപാലനത്തിനാണ് അദ്ദേഹം ഏറ്റവുമധികം പരിഗണന നല്‍കിയിരുന്നത്. നിരവധി ക്രിമിനലുകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഗുണ്ടാലിസ്റ്റിലുള്ളവര് ഒടുവില്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്ന സ്ഥിതിയിലേക്കെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെയും സര്‍ക്കാര്‍ കടുത്ത നടപടിയെടുത്തിരുന്നു.
വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും അധികാരമുള്ളതും കേന്ദ്ര പോലീസ് സേനയായ സിഐഎസ്എഫിന് സമാനമായതുമായ പുതിയ സേനാവിഭാഗം സംസ്ഥാനത്ത് രൂപവത്കരിക്കാന്‍ ഒരുങ്ങി യോഗി. സംസ്ഥാനത്തെ കോടതികള്‍, വിമാനത്താവളങ്ങള്‍, അധികാരസ്ഥാപനങ്ങള്‍, മെട്രോ, ബാങ്ക്, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണമാണ് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ്(യുപിഎസ്എസ്എഫ്) എന്ന പുതിയ വിഭാഗത്തിന്റെ പ്രധാന ചുമതല. യുപി പോലീസിന്റെ പ്രത്യേക യൂണിറ്റായ പിഎസി(പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി)യില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും പ്രാഥമിക ഘട്ടത്തില്‍ യുപിഎസ്എസ്എഫ് പ്രവര്‍ത്തനസജ്ജമാകുന്നത്. 1,7,47,06 കോടി രൂപ ആദ്യ എട്ട് ബറ്റാലിയനുകള്‍ക്കായി സര്‍ക്കാര്‍ നീക്കിവെയ്ക്കും. മജിസ്ട്രേറ്റില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ ഏതൊരാളേയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യുപിഎസ്എസ്എഫ് അംഗങ്ങള്‍ക്കുണ്ടായിരിക്കും.
Discussion about this post