തിരുവനന്തപുരം: കോവിഡ് കാലം മുതലെടുത്തും ഉപദേശക നിയമനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെയാണ് കഴിഞ്ഞ ദിവസം ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ച് ഉത്തരവിറങ്ങിയത്. കൊവിഡുമായിട്ടു ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുകയാണ് ചുമതലയെന്നാണ് വിശദീകരണം. ആരോഗ്യസെക്രട്ടറിയുമായി കൂടിയാലോച്ചാകും പ്രവര്‍ത്തനം.
കനത്ത പ്രതിഫലവും, സൗകര്യങ്ങളും നല്കി ഉപദേഷ്ടാക്കളെ നിയമിക്കുന്നുവെന്ന് ആരോപണമുള്ളതിനാല്‍ ശമ്പളമില്ലാത്ത നിയമനമാക്കിയിട്ടുണ്ട്. പ്രതിഫലം ലഭിക്കില്ലെങ്കിലും ടൂറിസം വകുപ്പില്‍ നിന്നും വാഹനം അദ്ദേഹത്തിന് ലഭിക്കും. എന്നാല്‍ ശമ്പളമില്ലെങ്കിലും പ്രധാന സ്ഥാനത്തിരിക്കുന്നത് മറ്റു പല വഴിക്കും ഗുണമുള്ളതാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്പ്രിംഗ്ളര്‍ ആരോപണമുണ്ടായപ്പോഴും, ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് മാറ്റി നിര്‍ത്തപ്പെട്ട ശിവശങ്കറിന്റെ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രണ്ടംഗ സംഘത്തിലും രാജീവ് സദാന്ദനെ ഉള്‍പ്പെടുത്തിയിരുന്നു.
അഞ്ച് ഉപദേശകരുള്ളതായാണ് 2019 നവംബറില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്. എന്നാല്‍ ഉപദേശകര്‍ നല്കിയ ഉപദേശമോ അതിന്മേല് സ്വീകരിച്ച നടപടികളോ പൊതുഅധികാരിവശം ലഭ്യമല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി. മാധ്യമ ഉപദേഷ്ടാക്കളായി പ്രഭാ വര്‍മ്മ, ജോണ്‍ബ്രിട്ടാസ് എന്നിവരെയും ശാസ്ത്ര ഉപദേഷ്ടാവായി എം.സി ദത്തന് നിയമോപദേഷ്ടാവായി എന്‍.കെ ജയകുമാര്‍ ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയെയുമാണ് നിയമിച്ചിട്ടുള്ളത്.
Discussion about this post