ന്യൂഡല്‍ഹി: കേരളത്തിലെ മുന്നാക്ക സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്ജെപി) ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നേക്കും. ഇത് സംബന്ധിച്ച് ഡിഎസ്ജെപി ബിജെപി നേതൃത്വത്തിന് എഴുതിയ കത്ത് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഡോ. ആര് ബാലശങ്കര്‍ ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദക്ക് കൈമാറി.
പുതിയ പാര്‍ട്ടി ആണെങ്കിലും ദേശീയ തലത്തില്‍ ബിജെപിയുടെ നയങ്ങളോട് പൊരുത്തപ്പെടുന്ന സമീപനമാണ് ഡിഎസ്ജെപി എടുത്തിട്ടുള്ളതെന്നു ബാലശങ്കര്‍ നദ്ദയോട് പറഞ്ഞു.കശ്മീരിന്റെ പ്രത്യേക പദവി, രാമക്ഷേത്രം, പൗരത്വ നിയമ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഡിഎസ്ജെപിയുടെ നിലപാട് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണിയില്‍ ചേര്‍ക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് നദ്ദ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ ചിത്രം മാറ്റി വരക്കാനുള്ള പല നവ ജാത സഖ്യങ്ങള്‍ക്കും ഇത് തുടക്കം കുറിച്ചേക്കാം എന്ന് ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം ബാലശങ്കര്‍ പറഞ്ഞു. കേരളത്തില്‍ 20 ശതമാനം വരുന്ന മുന്നാക്ക സമുദായക്കാര്‍ ശക്തമായി ഡിഎസ്ജെപിയുടെ പിന്നില്‍ ഉണ്ടെന്നു പാര്‍ട്ടി പ്രസിഡന്റ് കെ എസ് ആര് മേനോന് പ്രസ്താവനയില്‍ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ടു 12 ജില്ലകളില്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കഴിഞ്ഞ പാര്‍ട്ടി അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ച വയ്ക്കും. ഡിഎസ്ജെപിയുടെ സാന്നിധ്യം എന്‍ഡിഎയില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ചേരാന്‍ പ്രചോദനമാകും. പ്രബലമായ ഒരു മൂന്നാം മുന്നണിക്ക് അത് കാരണമായേക്കാം. അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post