കൊച്ചി: കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ശിവശങ്കറിനെ ഏഴ് ദിവസം എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അഞ്ചാം പ്രതിയാണ് ശിവസങ്കര്‍. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നിുണ്ടെന്ന അദ്ദേഹത്തിന്റെ വാദം തള്ളിയ ഇഡി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ ജഡ്ജിക്ക് സമീപം എത്തി അറിയിച്ചു. തുടര്‍ച്ചയായ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കിടക്കാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില്‍സ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെ പകല്‍ 9 മുതല്‍ 6 മണിവരെ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാവൂ എന്നും അതിനുശേഷം വിശ്രമം അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം നയതന്ത്രബാഗേജ് വിട്ടുനല്‍കാന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോയില്‍ പരാമര്‍ശമുണ്ട്. ഇതിനായി എം ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എന്‍ഫോഴ്സ്മെന്റ് പറയുന്നു. ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചതായും, ചാര്‍ട്ടേഡ് അക്കൗണ്ടിനെ മുന്‍നിര്‍ത്തിയായിരുന്നു ഇടപെടലുകളെന്നും ഇഡി അറസ്റ്റ് മെമ്മോയില്‍ പറയുന്നു. രാവിലെ പത്തേമുക്കാലോടെയാണ് ശിവശങ്കറെ കോടതിയില്‍ ഹാജരാക്കിയത്.
അതേ സമയം കസ്റ്റംസ് ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സൂപ്രണ്ട് വിവേകാണ് ഇഡി ഓഫീസില്‍ എത്തിയത്. ഇനി കസ്റ്റംസും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമോയെന്ന വിഷയത്തില്‍ ഇതുവരെ വ്യക്തതയില്ല.
Discussion about this post