മലപ്പുറം: കോവിഡ് വ്യാപന പശ്ചാതലത്തില്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വികരിച്ചാണ് ആരാധനാലയങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി വിശ്വാസികള്‍ എത്തുന്നതതെന്നും ആരാധനാലയങ്ങളിലെ നിയന്ത്രണ വിഷയത്തില്‍ കലക്ടറുടെ ഉത്തരവ് പുനഃ പരിശോധിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹ്യാകലം പാലിച്ച് കഴിയാവുന്നത്ര ആളുകള്‍ക്കും ചെറിയ പള്ളികളില്‍ ഇതേ മാനദണ്ഡപ്രകാരം ഏറ്റവും ചുരുങ്ങിയത് 40 ആള്‍ക്കെങ്കിലും ആരാധനകളില്‍ പങ്കെടുക്കാനുള്ള അനുവാദം നല്‍കണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി കലക്ടറോടാവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് നിവേദനം നല്‍കിയതായി പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, ജനറല്‍ സെക്രട്ടറി പി.എം. മുസ്തഫ കോഡൂര്‍, ഫിനാന്‍സ് സെക്രട്ടറി എം.എന്‍ കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രി 9 മണി സമയത്തേക്ക് ആരാധനാ കര്‍മ്മങ്ങള്‍ വേഗത്തിലാക്കി സമയനിഷ്ഠ പാലിച്ചുമാണ് കര്‍മ്മങ്ങള്‍ നടത്തുന്നത്.
ഇങ്ങിനെയിരിക്കെ വേണ്ടത്ര കൂടിയാലോചനയും മറ്റുമില്ലാതെ ജില്ലയിലെ എല്ലായിടത്തും ആരാധനാലയങ്ങള്‍ ഒട്ടും തന്നെ പ്രവര്‍ത്തിക്കാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങള്‍ വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍ കടുത്ത നിയന്ത്രണം പുനഃപ്പരിശോധിക്കേണ്ടതാണ് എന്നും ജമാ അത്ത് പറയുന്നു.
അതേസമയം മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. പതിനാറ് പഞ്ചയത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തി. ചടങ്ങുകള്‍ ഉള്‍പ്പെടെ അഞ്ച് പേരില്‍ കൂടുതല്‍ പേര് പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.
ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് കലക്ടറുടെ വാര്‍ത്താ കുറിപ്പ്. ദിവസം തോറും രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ പങ്കെടുക്കുന്ന ആരാധനാ ചടങ്ങുകള്‍ നിശ്ചിത എണ്ണത്തിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മത മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായ സമന്വയത്തിലെത്തി. പൊതുജനങ്ങള്‍ പ്രാര്‍ത്ഥനകള്‍ സ്വന്തം വീടുകളില്‍ വച്ച് തന്നെ നടത്തുന്നതാണ് ഉചിതം- വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അതെ സമയം ബീവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്പിക്കരുത് എന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് ആവശ്യപ്പെട്ടിട്ടുണ്ട് . കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് മലപ്പുറത്തെ ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞത് ഇങ്ങനെ,
കോവിഡ് പശ്ചാത്തലത്തില്‍ ലഭിച്ച അമിതാധികാരമാണ് കലക്ടര്‍ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ എത്തുന്നത്. ആരാധനാലയങ്ങളും അതനുസരിച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വിശുദ്ധ റമദാനില്‍ പള്ളികളില്‍ ഭജനമിരിക്കാനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും ഇസ്ലാം മതവിശ്വാസികള്‍ക്ക് താല്പര്യമുണ്ടാകും. പള്ളികള്‍ പൂര്‍ണമായും അടച്ചിട്ട റമദാന് മാസമായിരുന്നു കഴിഞ്ഞ വര്‍ഷം കടന്നു പോയത്. പുതിയ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ വിശ്വാസികളെ പള്ളികളില്‍ എത്താന്‍ അനുവദിക്കണം. അഞ്ചു പേര് മാത്രമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബീവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്പിക്കരുത്..
Discussion about this post