ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സമയത്ത് ആളുകള്‍ വീടിനുള്ളിനും മാസ്ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍ ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം ആര്‍ത്തവസമയത്ത് കൊവിഡ് വാക്സിനേഷന് സ്വീകരിക്കുന്നത് ഒരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആര്‍ത്തവസമയത്ത് വാക്സിനേഷന് സ്വീകരിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.
അനാവശ്യ ആശങ്കകള്‍ കാര്യങ്ങള്‍ വഷളാക്കുന്നുണ്ടെന്നും ആശുപത്രികള്‍ ഓക്സിജന്‍ ഉപയോഗത്തില്‍ കൃത്യതയും കാര്യക്ഷമതയും കൂട്ടണമെന്നും കേന്ദ്രആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് മതിയായ ഓക്സിജനുണ്ടെന്നും വിതരണത്തിനാണ് പ്രതിസന്ധിയെന്നും കേന്ദ്രം അറിയിച്ചു. ഇത് പരിഹരിക്കാന്‍ ശ്രമങ്ങളും നടത്തുന്നുണ്ട്. ഓക്സിജന്‍ കൊണ്ടുപോകുന്ന ടാങ്കറുകളുടെ ചലനം നിരീക്ഷിച്ചുവരികയാണ്. അത് ഓരോ സംസ്ഥാനവും കൃത്യമായി ഏറ്റുവാങ്ങുന്നുണ്ടോയെന്നും നിരീക്ഷിക്കുന്നതായി കേന്ദ്രം പറഞ്ഞു.
ജി.പി.എസ് ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിരീക്ഷണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രികളില്‍ ഓക്സിജന്‍ സംവിധാനം എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Discussion about this post